നിര്‍ഭയയ്ക്ക് ശേഷവും ഒന്നും മാറിയിട്ടില്ല! കൊല്ലപ്പെട്ട മൃഗഡോക്ടറുടെ ബന്ധുക്കള്‍ പറയുന്നു

death-hand

ഹൈദരാബാദ്: ഹൈദരാബാദില്‍ കൊല്ലപ്പെട്ട മൃഗഡോക്ടറുടെ ബന്ധുക്കളുടെ മനസലിയിക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ”കുടുംബം ഇപ്പോഴും അവളുടെ മരണമെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ്…” എന്നായിരുന്നു ഡോക്ടറുടെ അമ്മാവന്‍ പറഞ്ഞത്. ”അവളുടെ അമ്മയും സഹോദരിയും ആശ്വസിപ്പിക്കാനാവാത്ത വിധം ദുഃഖത്തിലാണ്. വരുന്നവരെല്ലാം പറയുന്നത് നീതി ലഭിക്കുമെന്നാണ്. അതുകൊണ്ട് എന്താണ് പ്രയോജനം? ഞങ്ങളുടെ മകള്‍ തിരിച്ചുവരുമോ? നിര്‍ഭയയ്ക്ക് ശേഷവും ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്റെ ഗതികേട്” – മരിച്ച വെറ്ററിനറി ഡോക്ടറുടെ അമ്മാവന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”അവള്‍ക്ക് മൃഗങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെയാണ് മെഡിസിന് റാങ്ക് ലഭിച്ചിട്ടും അവളെ മൃഗഡോക്ടറാക്കിയത്. കുട്ടിക്കാലം മുതലേ മൃഗങ്ങളോട് അവള്‍ക്ക് വലിയ സ്‌നേഹമായിരുന്നു. തെരുവ് നായകള്‍ക്കും പശുക്കള്‍ക്കും കുതിരകള്‍ക്കുമെല്ലാം ആഹാരം നല്‍കുമായിരുന്നു. ചെറിയ വീട്ടില്‍ താമസിക്കുമ്പോഴും വളര്‍ത്തുമൃഗങ്ങളെ മാറ്റി നിര്‍ത്തിയിരുന്നില്ല” ”മൃഗങ്ങളോടുള്ള സ്‌നേഹം, പുസ്തകങ്ങള്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, ആഹാരം പാകം ചെയ്യുക ഇതെല്ലാമായിരുന്നു അവള്‍ക്ക് പ്രിയം. ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും ഇങ്ങനെയാകില്ലായിരുന്നു” – പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു ബന്ധു പറഞ്ഞു. ജോലികിട്ടിയതിന് ശേഷം, മൂന്ന് വര്‍ഷം മുമ്പാണ് അവള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇപ്പോഴുള്ള വീട്ടിലേക്ക് മാറിയത്. കാണുമ്പോഴെല്ലാം ചിരിച്ച് കുറച്ചുവാക്കുകളെങ്കിലും സംസാരിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടിയെക്കുറിച്ച് അയല്‍വാസിയായ ശാലിനിയും പറയുന്നു.

”ഞങ്ങളുടെ സമുദായത്തില്‍ അവിവാഹിതയായ പെണ്‍കുട്ടി മരിച്ചാല്‍ സംസ്‌കാരച്ചടങ്ങിന് മുമ്പ് അവളെ പ്രതീകാത്മകമായി ഒരു മരവുമായി വിവാഹം ചെയ്യിക്കണം. ഞങ്ങള്‍ക്ക് അതുപോലും ചെയ്യാന്‍ സാധിച്ചില്ല. ആകെ ചെയ്യാനുള്ളത് അവളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ്” ബന്ധുക്കള്‍ പറഞ്ഞു.

Top