ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ആണെങ്കില്‍ പാകിസ്ഥാന് പ്രതീക്ഷ വേണ്ട; അഫ്രിദി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ ഇരിക്കുന്നിടത്തോളം ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടാന്‍ പോകുന്നില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഇന്ത്യാ, പാക് ബന്ധം കൂടുതല്‍ തകരാറിലാക്കിയതെന്നാണ് അഫ്രിദിയുടെ ആരോപണം. ഇതിന് പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്താനും താരം മറന്നില്ല.

‘മോദി അധികാരത്തില്‍ ഇരിക്കുന്ന കാലത്തോളം ഇന്ത്യയില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്കെല്ലാം മോദി ചിന്തിക്കുന്ന രീതി അറിയാം. അദ്ദേഹത്തിന്റെ ചിന്ത നെഗറ്റീവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്’, ക്രിക്കറ്റ് പാകിസ്ഥാന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രിദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇന്ത്യ, പാകിസ്ഥാന്‍ ബന്ധം തകര്‍ത്തത് ഒരേയൊരു വ്യക്തിയാണ്. എന്നാല്‍ ഇതല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളിലുമുള്ള ആളുകള്‍ രണ്ട് ഇടത്തേക്കും സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നു. എന്താണ് മോദി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അജണ്ട എന്തെന്നും അറിയില്ല’, അഫ്രിദി പറഞ്ഞു.

2012-13 വര്‍ഷത്തിലാണ് ഇന്ത്യാ, പാകിസ്ഥാന്‍ പരമ്പര അവസാനമായി നടന്നത്. അന്ന് പാക് ടീം ഇന്ത്യയില്‍ 2ടി20, 3 ഏകദിനങ്ങള്‍ കളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് 2006ല്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ ആയിരിക്കുമ്പോഴാണ്. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷം രണ്ട് ക്രിക്കറ്റ് രാജ്യങ്ങളും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വന്നത്‌.

Top