ഒരുകാലത്തു ബോളിവുഡിന്റെ താരറാണിയായിരുന്നു രേഖ. നാല്‍പതുവര്‍ഷക്കാലം സിനിമാ ലോകത്തു വാഴുന്നതിനിടയില്‍ രേഖയുടെ വ്യക്തി ജീവിതവും പലപ്പോഴും മാധ്യമങ്ങള്‍ക്കു ചര്‍ച്ചാവിഷയമായിരുന്നു.
പ്രണയവും വിവാഹവും പിന്നീടു തനിയെയുള്ള ജീവിതവുമൊക്കെ രേഖ എന്ന നടിയെ സിനിമകളില്‍ കാണുന്ന കരുത്തുറ്റ നായികമാര്‍ക്കപ്പുറം ധീരയാക്കി. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, താരത്തിന്റെ ആത്മകഥയാണ്.
യാസിര്‍ ഉസ്മാന്‍ എഴുതി പുറത്തിറക്കിയ രേഖ, ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ആത്മകഥ ബോളിവുഡിലെമ്പാടും ചര്‍ച്ചയായിരിക്കുകയാണ്.
രേഖയുടെ സ്വകാര്യജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളും വിവാദങ്ങളുമൊക്കെ മറയില്ലാതെ തുറന്നെഴുതിയതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
പതിനഞ്ചാം വയസില്‍ സിനിമാലോകത്തു നിന്നുമുണ്ടായ അപമാനശ്രമവും ഭര്‍ത്താവിന്റെ ആത്മഹത്യയോടെ ബോളിവുഡ് ലോകം തന്നെ ഒറ്റപ്പെടുത്തിയതുമെല്ലാം പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്.
ബോബെയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ അഞ്ചാന സഫര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു രേഖ സ്വപ്നത്തില്‍പോലും കരുതാത്ത സംഭവം അരങ്ങേറിയത്.
അന്നു രേഖയും നടന്‍ ബിസ്‌വജീതും തമ്മിലുള്ള റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആക്ഷന്‍ പറഞ്ഞപ്പോഴേക്കും ബിസ്‌വജീത് രേഖയെ തന്റെ കൈകളില്‍ എടുത്ത് അമര്‍ത്തി ചൂംബിച്ചു.
തിരക്കഥയിലൊന്നും പറയാത്ത കാര്യം സംഭവിച്ചതില്‍ രേഖ സ്തബ്ധയായി. സംവിധായകന്‍ കട്ട് പറയുകയോ ബിസ്‌വജീത് നിര്‍ത്തുകയോ ചെയ്തില്ല. അഞ്ചുമിനിറ്റിനു ശേഷമാണു ബിസ്‌വജീത് രേഖയെ വിടുന്നത്.
അപ്പോഴേക്കും യൂണിറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ത്തുവിളിക്കുകയായിരുന്നു. അന്നു രേഖ തിരിച്ചിറങ്ങിയത് നിറഞ്ഞ കണ്ണുകളോടെയാണ്. എന്നാല്‍ ആ സംഭവം സംവിധായകന്റെ നിര്‍ദ്ദേശത്തോടെയാണെന്നായിരുന്നു ബിസ്‌വജീതിന്റെ മറുപടി.
വിവാഹജീവിതവും രേഖയെ സംബന്ധിച്ചിടത്തോളം ദുരന്തകാലമായിരുന്നുവെന്നു പുസ്‌കത്തില്‍ പറയുന്നു. വ്യവസായിയായ മുകേഷുമൊത്തുള്ള ലണ്ടനിലെ ആദ്യദിനങ്ങളെല്ലം സന്തോഷഭരിതമായിരുന്നു.
പക്ഷേ പതുക്കെയാണ് താന്‍ വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍ എന്നു രേഖയ്ക്കു മനസിലാകുന്നത്. അങ്ങനെ ഭര്‍ത്താവുമൊത്തു പിരിഞ്ഞു താമസിച്ചു തുടങ്ങിയ രേഖ പിന്നീടു കേള്‍ക്കുന്നത് മുകേഷിന്റെ മരണ വാര്‍ത്തയാണ്.
നേരത്തെയും ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിരുന്ന മുകേഷ് തന്റെ മരണത്തിന് ആരെയും കുറ്റപ്പെടുത്തരുതെന്നും എഴുതിവച്ചിരുന്നു. മുകേഷിന്റെ മരണത്തോടെ രേഖയെ ആളുകള്‍ കുറ്റപ്പെടുത്തി തുടങ്ങി.
കൊലപാതകിയെന്നു വരെ പലരും പരസ്യമായി വിളിച്ചു. പക്ഷേ അവയെയൊക്കെ മറികടന്ന് രേഖ വീണ്ടും സിനിമാലോകത്ത് തന്റെ ഇടം ഉറപ്പിച്ചു തുടങ്ങി.
മറ്റൊരിക്കല്‍ ജനം വീണ്ടും ഞെട്ടിയത് നിറുകയില്‍ സിന്ദൂരമണിഞ്ഞ് റിഷി കപൂറിന്റെ വിവാഹത്തിന് രേഖ എത്തിയപ്പോഴാണ്. രേഖ വീണ്ടും വിവാഹിതയായോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു. ?
എന്നാല്‍ അന്ന് ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ സിന്ദൂരം മായ്ച്ചുകളയാന്‍ താന്‍ മറന്നുപോയതാണെന്ന് രേഖ വ്യക്തമാക്കി. പിന്നീടും പല അവസരങ്ങളില്‍ രേഖ നിറുകയില്‍ കുങ്കുമം അണിഞ്ഞ് അവതരിച്ചിരുന്നു, അതു തനിക്കു ചേരുന്നതിനാലാണെന്നാണ് അപ്പോഴൊക്കെയും രേഖയുടെ മറുപടി.