പി.സി ജോര്‍ജ്ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ സംസാരിച്ച പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍.

മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും പി.സി ജോര്‍ജ്ജ് അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. അസഭ്യ വര്‍ഷം നടത്തുന്നതില്‍ എം.എല്‍.എ മിടുക്കനാണെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീക്കു നേരെ ജോര്‍ജ്ജ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും കന്യാസ്ത്രീ പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നും പരാതി ഉണ്ടെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പീഡനം നടന്ന ദിവസം തന്നെ കന്യാസ്ത്രീ കന്യകയല്ലാതായെന്നും അവര്‍ക്ക് തിരുവസ്ത്രം ധരിക്കാനുള്ള യോഗ്യതയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണമെന്നും കേരള പൊലീസിന് വേറെ പണിയില്ലാത്തതു കൊണ്ടാണ് ബിഷപ്പിനെതിരായി അന്വേഷണം നടത്തുന്നതെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാമെന്നും ജോര്‍ജ്ജ് പരാമര്‍ശം നടത്തിയിരുന്നു.

Top