എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയുന്നു; മാത്യു ടി തോമസ്

തിരുവനന്തപുരം: എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരളഘടകം തള്ളിക്കളയുന്നുവെന്നും ജെഡിഎസ് കേരളത്തില്‍ എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് ദേശീയ നേതൃത്വം ഒരു ചര്‍ച്ചയും ഇല്ലാതെയാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. 2006 ല്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നു, അന്ന് സ്വാതന്ത്ര നിലപാടാണ് കേരള ഘടകം സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റ് എന്തെങ്കിലും പാര്‍ട്ടിയുമായി ലയിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്‌നങ്ങള്‍, പാര്‍ട്ടി ചിഹ്നം ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഇനി നോക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

ദേശീയ തലത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായി മാറിയതോടെ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന ജെഡിഎസിന് സിപിഐഎം കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാന്‍ ജെഡിഎസിനോട് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

Top