പൊലീസിന്റെ മൂക്കിന് താഴെയായിരുന്നു രഹനയുടെ ഒളിതാവളം

കൊച്ചി: പൊലീസില്‍ കീഴടങ്ങും മുമ്പ് രഹ്ന ഫാത്തിമ താമസിച്ചിരുന്നത് സൗത്ത് പൊലീസിന്റെ മൂക്കിന്‍ തുമ്പില്‍. വയനാടു മുതല്‍ ഡല്‍ഹി വരെ പൊലീസ് പരതുമ്പോളും തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നാണ് രഹ്നയുടെ വെളിപ്പെടുത്തല്‍.

തൊട്ടു പിന്നാലെ ഇവര്‍ താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ പെയിന്റിങ്ങിനുപയോഗിച്ച ബ്രഷും മൊബൈല്‍ ഫോണും കംപ്യൂട്ടറും വരെ പൊലീസെത്തി പിടിച്ചെടുത്തിരുന്നു. പോക്‌സോ കേസില്‍ പ്രതിയാക്കി അന്വേഷണം തുടങ്ങിയ ദിവസം തന്നെ ഇവര്‍ ഒരു ടെലിവിഷന്‍ ചാനലില്‍ മുക്കാല്‍ മണിക്കൂറോളം നിലപാട് വിശദീകരിച്ച് പങ്കെടുത്തത് പൊലീസിനെ പ്രകോപിപ്പിച്ചിരുന്നു.

ഇന്നു രാത്രി തന്നെ രഹ്നയെ അറസ്റ്റ് ചെയ്തിരിക്കുമെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകനോട് പൊലീസിന്റെ വെല്ലുവിളി. അന്ന് പരിപാടിയില്‍ പങ്കെടുത്ത സ്ഥലത്തിന് സമീപത്ത് പൊലീസ് പതിവു റോന്തിനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരിക്കുമെന്നാണ് കരുതിയതെന്ന് അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പറയുന്നു. പ്രതിയുമായി അടുത്ത ബന്ധമുള്ള പത്തിലധികം പേരുടെ വീടുകളിലെങ്കിലും കഴിഞ്ഞ മാസം പൊലീസ് അന്വേഷിച്ചു ചെന്നിട്ടുണ്ട്.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഒരു വക്കീലിന്റെ കോഴിക്കോടുള്ള വീട്ടില്‍, മറ്റൊരു സുഹൃത്തിന്റെ ഷൊര്‍ണൂരിലുള്ള വീട്ടില്‍, ശബരിമലയില്‍ കയറാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിയുടെ വീട്ടില്‍, ഇവര്‍ ഫോണില്‍ സംസാരിച്ച എറണാകുളം ജില്ലയില്‍ തന്നെയുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ തുടങ്ങി വയനാട്ടില്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ വരെ പൊലീസെത്തി. സൗത്ത് സിഐ കെ.ജി.അനീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണങ്ങള്‍.

‘നേരം പുലര്‍ന്ന് രാവിലെ ഏഴുമണിയായിക്കാണും. തണുപ്പുണ്ടായിരുന്നതിനാല്‍ എഴുന്നേല്‍ക്കാന്‍ വൈകി. കോളിങ് ബെല്ലുകേട്ട് എഴുന്നേറ്റു ചെല്ലുമ്പോള്‍ കാണുന്നത് ആയുധധാരികളായ തണ്ടര്‍ബോള്‍ട്ട്, പൊലീസ് ഉദ്യോഗസ്ഥരെ. ആദ്യം ഒന്ന് അമ്പരന്നു.’ – രഹ്നയുടെ ഭര്‍ത്താവിന്റെ സഹോദരിക്ക് കഴിഞ്ഞ ദിവസമുണ്ടായതാണ് ഈ അനുഭവം. വയനാട്ടിലെ അട്ടമലയിലെ വീട്ടില്‍ നക്‌സലൈറ്റുകളെ പിടികൂടാനെത്തുന്നതു പോലെ നാത്തൂനെ തേടിയെത്തിയതായിരുന്നു പൊലീസെന്ന് ഇവര്‍ പറഞ്ഞു.

തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെ ഇരുപതോളം പൊലീസുകാരുടെ സംഘം വീട് വളഞ്ഞ ശേഷമാണ് ഇവരെ ഉണര്‍ത്തിയത്. വീട്ടില്‍ ആരുമില്ലെന്നു മനസിലായപ്പോള്‍ തിരിച്ചു പോയി. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി കഴിയുന്നിടത്തേക്ക് തോക്കുമായി തണ്ടര്‍ബോള്‍ട്ട് കയറിയതിനെതിരെ പരാതി നല്‍കാമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും വേണ്ടെന്നായിരുന്നു തീരുമാനം.

അതേസമയം, നക്‌സല്‍ സുരക്ഷാ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തണ്ടര്‍ബോള്‍ട്ട് സുരക്ഷയുമായി സ്ഥലത്ത് പോകേണ്ടി വന്നത് പൊലീസ് പറഞ്ഞു. സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. വിവരം സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ സിഐ ഉള്ളപ്പോള്‍ വിളിച്ചിട്ട് എത്താനായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് സൗത്ത് സ്റ്റേഷനിലെത്തി സിഐ കെ.ജി.അനീഷിനു മുന്നില്‍ ഹാജരായതെന്നു രഹ്ന പറഞ്ഞു.

തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് പരിശോധന നടത്തിയതിനു ശേഷമേ ജയിലില്‍ അയയ്ക്കാന്‍ സാധിക്കൂ എന്നതിനാല്‍ തൃശൂരിലെ കോവിഡ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്.

നഗ്‌ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്. പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. നാളെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.

Top