തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സഹായവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: അബ്കാരി നയം നടപ്പാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പുനരധിവാസത്തിനുളള കരട് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ‘സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2014-15-ല്‍ പുതിയ അബ്കാരി നയം നടപ്പാക്കിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയായിരുന്നു.

തൊഴിലാളികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും.ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ വായ്പയായും അര ലക്ഷം രൂപ ഗ്രാന്റ്/സബ്സിഡി ആയും അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വായ്പയ്ക്ക് നാലു ശതമാനമാണ് പലിശ. അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം.

45000 തൊഴിലാളികളാണ് ബാറുകള്‍ പൂട്ടിയതിലൂടെ വഴിയാധാരമായത്. അവരില്‍ പതിന്നാലോളം പേര്‍ ആത്മഹത്യ ചെയ്തതായും ഓള്‍ കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും സംഘടന ആവശ്യം ഉന്നയിച്ചിരുന്നു.

Top