സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. കഴിഞ്ഞ നാലു വര്‍ഷത്തെ ഫീസ് പുനനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്കാണ് നിര്‍ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്മെന്റുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 മുതല്‍ വിവിധ കോളേജുകളില്‍ പ്രവേശനം ലഭിച്ച 12,000ത്തോളം വിദ്യാര്‍ത്ഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും. ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

നിശ്ചിത സമയപരിധിക്കുളളില്‍ ഫീസ് പുനഃനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ഫീസ് പുനഃനിര്‍ണയ സമിതിക്ക് നിര്‍ദേശം നല്‍കി. മാനേജ്മെന്റുകള്‍ ഫീസ് നിര്‍ണയ സമിതിക്ക് ഫീസുമായി ബന്ധപ്പെട്ട് കൈമാറുന്ന ശുപാര്‍ശ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ ഉള്ളത് ആകരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫീസ് നിര്‍ണയ സമിതിയുമായി സഹകരിക്കാന്‍ മാനേജ്മെന്റുകളോട് നിര്‍ദേശിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

Top