ട്രെയിനുകളില്‍ കയറി സ്ഥിരമായി മോഷണം; പ്രതി ഷൊര്‍ണൂര്‍ റയില്‍വെ പൊലീസിന്റെ പിടിയില്‍

ഷൊര്‍ണൂര്‍: ട്രെയിനുകളില്‍ കയറി സ്ഥിരമായി മോഷണം നടത്തുന്നയാള്‍ ഷൊര്‍ണൂര്‍ റയില്‍വെ പൊലീസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശിയായ പ്രതി വേണുഗോപാലിനെ പിടികൂടിയത് ട്രെയിന്‍ യാത്രക്കാരിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ്. തൃശൂര്‍ തൈക്കാട്ടുശ്ശേരിയിലാണ് 53 വയസുകാരന്‍ വേണുഗോപാലിന്റെ വീട്. അധികവും ട്രെയിന്‍ യാത്രകളിലാകും വേണുഗോപാല്‍.

എന്നാല്‍ മോഷണം ഉന്നമിട്ടുള്ളതാണ് ഈ യാത്രകളെന്ന് ഇപ്പോഴാണ് വ്യക്തമാവുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയുമാണ് വേണുഗോപാല്‍ ലക്ഷ്യമിട്ടിരുന്നത്. 12 ഓളം മോഷണ കേസിലെയും വഞ്ചന കേസിലെയും പ്രധാന പ്രതിയാണ് ഇയാള്‍. ഇപ്പോള്‍ പിടിയിലായത് നെല്ലായ ഹെല്‍ത്ത് സെന്ററിലെ നഴ്‌സിന്റെ പരാതിയിലാണ്. കഴിഞ്ഞ മെയ് 29ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഴ്‌സ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്ന സമയത്താണ് 20000 രൂപ വിലയുള്ള പുതിയ ഫോണ്‍ ഇയാള്‍ കവര്‍ന്നത്.

തുടര്‍ന്ന് ഇവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതും ഇയാളെ പിടികൂടാനായതും. മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകള്‍ വില്‍പന നടത്താന്‍ ഇടനിലക്കാരുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. പിടിയിലായാല്‍ ഓരോ ജില്ലയിലും ആവശ്യമെങ്കില്‍ നിയമ സഹായത്തിനും ഇയാള്‍ക്ക് ആളുകളുണ്ടെന്ന് പൊലീസ് വിശദമാക്കുന്നു.

Top