10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ ജനുവരി 1 മുതൽ റദ്ദാക്കും

ന്യൂഡൽഹി: സംസ്ഥാനത്ത് 10 വർഷം കഴിഞ്ഞ മുഴുവൻ ഡീസൽ വാഹനങ്ങളുടെയും റജിസ്ട്രേഷൻ ജനുവരി 1 മുതൽ റദ്ദാക്കും. മറ്റു സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത് ഉപയോഗിക്കാൻ എതിർപ്പില്ലാ രേഖയും നൽകുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

അതേസമയം 15 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കൊന്നും എൻഒസി നൽകില്ലെന്നും സംസ്ഥാന ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും ദേശീയ തലസ്ഥാന നഗരത്തിൽ വിലക്കി എൻജിടി 2016ലാണ് ഉത്തരവിട്ടത്. 15 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കലായിരുന്നു ആദ്യം നടത്തിയിരുന്നത്. 10 വർഷം കഴിഞ്ഞ വാഹനങ്ങൾ പ്രത്യേക അനുമതി വാങ്ങി നഗരത്തിൽ ഉപയോഗിച്ചിരുന്നു.

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണു എൻജിടി നിർദേശം കർശനമായി നടപ്പാക്കാനുള്ള തീരുമാനം. നിശ്ചിത കാലം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ള ഏതു സ്ഥലത്തും വാഹനങ്ങൾ പുതുക്കി റജിസ്റ്റർ ചെയ്യാൻ എൻഒസി നൽകും. വാഹനപ്പെരുപ്പം കുറവും വായു നില മെച്ചപ്പെട്ട അവസ്ഥയിലുമുള്ള സ്ഥലങ്ങൾ കണ്ടെത്താൻ എൻജിടി സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക് സംവിധാനത്തിലേക്കു മാറ്റാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ വാഹനങ്ങൾ പ്രത്യേക ഇലക്ട്രിക് കിറ്റുകൾ ഘടിപ്പിച്ച് ഓടിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്. ഇത്തരം കിറ്റുകൾ ലഭ്യമാക്കുന്ന കമ്പനികളെ സംസ്ഥാന സർക്കാർ ഉടൻ എംപാനൽ ചെയ്യും.

മറ്റു സ്ഥലങ്ങളിലേക്കു റീ റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കേന്ദ്ര നയം അനുസരിച്ചു പൊളിച്ചു കളയുക മാത്രമാണു വഴി. ഇത്തരത്തിൽ വാഹനം ഉപേക്ഷിക്കുന്നവർക്കു ന്യായ വില ലഭ്യമാക്കാനും പുതിയ വാഹനം വാങ്ങുമ്പോൾ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സർക്കാർ നടപടിയാരംഭിച്ചിട്ടുണ്ട്.

Top