വാഹന വില്‍പനയിലെ ക്രമക്കേട് തടയാന്‍ രജിസ്ട്രേഷന്‍ ഇനി മുതല്‍ ‘വാഹന്‍’ സോഫ്റ്റ് വെയര്‍

സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ക്രമക്കേട് തടയാന്‍ പുതിയ സംവിധാനമൊരുങ്ങുന്നു. ദേശീയ ഏകീകൃത സംവിധാനമായ ‘വാഹന്‍’ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു മാത്രമേ ഇനി മുതല്‍ വാഹന രജിസ്‌ട്രേഷന്‍ സാധിക്കുകയുള്ളു. കേരളത്തിലെ എല്ലാ ആര്‍.ടി ഓഫീസുകളിലും മാര്‍ച്ച് 18-മുതല്‍ പുതിയ സംവിധാനം നടപ്പിലാക്കിത്തുടങ്ങും.

ഇതിന്റെ ഭാഗമായി നിലവില്‍ വാഹനം എടുത്തിട്ടുള്ള ഉപഭോക്താക്കളില്‍ താത്ക്കാലിക രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ ഈ മാസം 16നകം നടപടികള്‍ പൂര്‍ത്തീകരിക്കണം. താത്കാലിക രജിസ്റ്റേഷന്‍ കാലാവധി 18ന് ശേഷം പൂര്‍ത്തിയാകുന്ന വാഹനങ്ങളും ഇപ്രകാരം രജിസ്റ്റര്‍ ചെയ്യണം.

വാഹനം വില്‍ക്കുമ്പോള്‍ ഉടമ രജിസ്‌ട്രേഷന്‍ രേഖകളും വാഹനം വാങ്ങുന്ന ആളുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ അതത് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വാഹനം വാങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താവിന്റെ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. മാത്രമല്ല, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാല്‍ വഴി വാഹന ഉടമയ്ക്ക് ലഭിക്കും. വാഹന്‍ സോഫ്റ്റ്വേര്‍ നിലവില്‍ വരുന്നതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫാന്‍സി നമ്പര്‍ ബുക്കിങ് എന്നിവയുടെ നടപടി ക്രമങ്ങളില്‍ മാറ്റം വരും.

Top