വേഗപ്പൂട്ടില്ലാത്ത കാറുകള്‍ ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല

കളമശ്ശേരി: വേഗപ്പൂട്ടില്ലാത്ത കാറുകള്‍ ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പലരും കുഴയുന്നു. ടാക്‌സി കാറുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ കാര്‍ വാങ്ങി ടാക്‌സി രജിസ്‌ട്രേഷനെത്തിയവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത്.

വേഗപ്പൂട്ടില്ലാത്ത കാറുകളില്‍ ഈ സംവിധാനം ഒരുക്കിക്കൊടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറാകുന്നുമില്ല.

കാര്‍ വാങ്ങാന്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ ടാക്‌സിയായി ഓടിക്കാനാണെങ്കില്‍ അക്കാര്യം പറഞ്ഞു വേണം ബുക്ക് ചെയ്യാന്‍.

ടാക്‌സിയായി ഓടാനുള്ള കാറുകളില്‍ നിര്‍മാതാക്കള്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം പറയുന്നത്.

2015 ഒക്ടോബറിനു ശേഷം നിര്‍മിക്കുന്ന വാഹനങ്ങള്‍ ഈ നിയമം പാലിക്കണമെന്നായിരുന്നു. പിന്നീട് ഈ നിയമം ബാധകമാവുന്നത് 2017 മേയ് ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ടാക്‌സികാറുകളുടെ കാര്യത്തിലാക്കി. ഇപ്പോള്‍, ചില കമ്പനികള്‍ ഈ സംവിധാനമുള്‍പ്പെടുത്തി വാഹന നിര്‍മാണവും തുടങ്ങി.

Top