‘സിപിഐഎമ്മിന്റെ പ്രാദേശിക നിയന്ത്രണം കേരള കോണ്‍ഗ്രസിന്’; പാലാ തോല്‍വിക്ക് കാരണമുണ്ടെന്ന് സിപിഐ

കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാലായിലെ തോല്‍വിക്ക് കാരണം എല്‍ഡിഎഫില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകാത്തതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് കേരളാ കോണ്ഗ്രസ് എമ്മിന്റെ വോട്ട് പോലും ലഭിച്ചില്ലെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനം അടുത്ത് വരുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ശശിധരന്റെ പ്രതികരണം.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കുത്തക സീറ്റായിരുന്നു പാലാ. കെ എം മാണി 50 വര്‍ഷത്തിലധികം പ്രതിനിധീകരിച്ച മണ്ഡലമാണ് ഇത്. ഇതുപോലൊരു മണ്ഡലത്തില്‍ കടനാട് അടക്കമുള്ള പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നോട്ട് പോയ സാഹചര്യമാണ് ഇത്തവണ കണ്ടത്. ഇത് കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം ആളുകള്‍ ജോസ് കെ മാണിക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണെന്നും ശശിധരന്‍ ചൂണ്ടിക്കാണിച്ചു.

ഇടതുപക്ഷമുന്നണിയിലേക്കുള്ള കേരളാ കോണ്‍ഗ്രസിന്റെ പെട്ടെന്നുള്ള പ്രവേശനം എല്‍ഡിഎഫിലെ വലിയൊരു വിഭാഗത്തിന് അംഗീകരിക്കാനായിട്ടില്ല. അതേപോലെ പാര്‍ട്ടിയുടെ എല്‍ഡിഎഫ് പ്രവേശനം കേരള കോണ്‍ഗ്രസ്സ് എമ്മിലെ ഒരു വിഭാഗത്തിനും അംഗീകരിക്കാനായിട്ടില്ല. പ്രാദേശികമായി സിപിഐഎമ്മിന്റെ നിയന്ത്രണം കേരള കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നതായും സിപിഐ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

 

Top