രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായി നിയമിച്ചിട്ടില്ല: പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

reghuram-rajan

മുംബൈ: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണായി നിയമിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് റിപ്പോര്‍ട്ട് .സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നെന്ന് ആള്‍ട്ട്‌ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത ശശി തരൂര്‍ എംപിയടക്കം നിരവധി പ്രമുഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമുണ്ടായി.

ഏപ്രില്‍ 28ന് ഒരു ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണായി തെരഞ്ഞെടുക്കപ്പെട്ട രഘുറാം രാജന് അഭിനന്ദനങ്ങള്‍ എന്ന തരത്തിലായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത 7000ല്‍ അധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും രഘുറാം രാജന് പ്രമുഖരടക്കം സമൂഹമാധ്യമങ്ങളിലുടെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

വിഷയവുമായി ബന്ധപ്പെട്ട് ആള്‍ട്ട്‌ന്യൂസ് വെബ്‌സൈറ്റ് രഘുറാം രാജന്റെ പ്രതികരണം തേടിയപ്പോള്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഇപ്പോഴുള്ള ജോലിയില്‍ താന്‍ സംതൃപ്തനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ജോലിക്കായി താന്‍ തെരച്ചില്‍ നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ തത്സ്ഥാനത്ത് രഘുറാം രാജനെ നിയമിക്കാന്‍ ആലോചിക്കുന്നതായായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013ല്‍ ആണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജനെ നിയമിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ രഘുറാം രാജനെ തത്സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top