പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല, ഫോണ്‍ പിടിച്ചെടുത്തു; പെണ്‍കുട്ടിയുടെ ബന്ധു

ലക്‌നൗ: ഹത്രാസില്‍ പീഢനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പുറത്തിറങ്ങാനോ മാധ്യമങ്ങളോട് സംസാരിക്കാനോ അനുവദിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ ബന്ധു. ഇവരുടെ ഗ്രാമത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതും കര്‍ശനമായി വിലക്കിയിരിക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ മാധ്യമങ്ങളോട് സംസാരിക്കാനായി പുറത്തെത്തിയിരുന്നു.

മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും പിന്നീട് മൊബൈല്‍ ഫോണ്‍ അവരില്‍ നിന്നും പിടിച്ചെടുത്തതായും അയാള്‍ പറഞ്ഞു. ഗ്രാമകവാടത്തില്‍ നില്‍ക്കുന്ന മാധ്യമങ്ങളെ കാണാന്‍ കൃഷിസ്ഥലത്തിലൂടെയാണ് ഇയാള്‍ പുറത്തെത്തിയത്. ‘അവര്‍ ഞങ്ങളുടെ ഫോണുകള്‍ പിടിച്ചെടുത്തു. മാധ്യമങ്ങളോട് സംസാരിക്കാന്‍ കുടുംബമാണ് എന്നെ ഇങ്ങോട്ട് അയച്ചത്.

ഞാന്‍ വയലിലൂടെയാണ് ഇവിടേയ്ക്ക് എത്തിയത്. പുറത്തുകടക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.’ കുടുംബാംഗം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇവിടേയ്ക്ക് വരികയും അയാള്‍ പെട്ടെന്ന് അവിടെ നിന്ന് പോകുകയും ചെയ്തു. എന്തിനാണ് കുടുംബത്തെ തടഞ്ഞു വച്ചിരിക്കുന്നതെന്ന ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥന്‍ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്.

Top