ആമസോണ്‍ കാട്ടുതീ : ജി7ന്റെ ധനസഹായം ആവശ്യമില്ലെന്ന് ബ്രസീല്‍

ബ്രസീലിയ: ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീ പ്രതിരോധിക്കാന്‍ സഹായിക്കാമെന്ന ജി 7 രാജ്യങ്ങളുടെ വാഗ്ദാനം ബ്രസീല്‍ നിരസിച്ചു. സഹായസന്നദ്ധത അംഗീകരിക്കുന്നുവെന്നും, എന്നാല്‍ ബ്രസീലിനെക്കാള്‍ യൂറോപ്പിലെ വനവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണുത്തമം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ബ്രസീല്‍ പറഞ്ഞത്.

ആമസോണ്‍ കാട്ടുതീ നിയന്ത്രിക്കാന്‍ 44000 പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി ഫെര്‍ണാണ്ടോ അസെവേഡോ വ്യക്തമാക്കി. ഫ്രാന്‍സിന്‍റെ സഹായ വാഗ്ദാനത്തിന് നന്ദി. എന്നാല്‍, ആ പണം യൂറോപ്പിന്‍റെ വനവത്കരണത്തിന് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന് പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയുടെ ഓഫീസ് അറിയിച്ചു. മുഖ്യഉദ്യോഗസ്ഥന്‍ ഒനിക്സ് ലോറന്‍സോണി ജി 1 ന്യൂസ് വെബ്സൈറ്റിലൂടെയാണ് പ്രസിഡന്റിന്റെ നിലപാട് വ്യക്തമാക്കിയത്.

ചരിത്ര പ്രസിദ്ധമായ നോത്രദാം പള്ളിക്ക് തീപിടിച്ചപ്പോള്‍ പോലും ഒന്നും ചെയ്യാത്ത മാക്രോണ്‍ ബ്രസീലിനെ ഏതു വിധത്തിലാണ് സഹായിക്കുക എന്നും ഒനിക്സ് ലോറന്‍സോണി ചോദിച്ചു.

കാട്ടുതീ തടയാന്‍ ബ്രസീലിന് 20 മില്യണ്‍ ഡോളര്‍ ധനസാഹയം നല്‍കെമന്ന് ജി7 ഉച്ചകോടിയിലാണ് ഫ്രാന്‍സ് വാഗ്ദാനം ചെയ്തത്. ബ്രസീലിയന്‍ പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാല്‍സ് നേരത്തെ ഈ വാഗ്ദാനം സ്വാഗതവും ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റും മറ്റു മന്ത്രിമാരുമായി നടത്തിയ അടിയന്തരയോഗത്തിന് ശേഷമാണ് ബ്രസീല്‍ ഫ്രാന്‍സിന്റെ വാഗ്ദാനം നിരസിച്ചത്.

Top