ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം ; കമല്‍ഹാസനെതിരെ പൊലീസ്‌ കേസ്

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ്‌ കേസ്.

മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവനകള്‍ നടത്തുന്നതിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസ് നാളെ കോടതി പരിഗണിക്കും.

നേരത്തെ, രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് തുറന്നു പറഞ്ഞും അതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന കേരളത്തെ അഭിനന്ദിച്ചും നടന്‍ കമല്‍ഹാസന്‍ പ്രസ്താവന നടത്തിയിരുന്നു.

ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ തന്റെനിലപാട് വ്യക്തമാക്കിയത്.

ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലായിരുന്നു കമലിന്റെ തുറന്നുപറച്ചില്‍.

ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും, മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും, ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബിജെപി, ആര്‍സ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Top