കന്നട ഭാഷയെകുറിച്ചുള്ള പരാമര്‍ശം; ഗൂഗിളിനെതിരെ നിയമ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

Untitled-1-google

ബംഗളൂരു: കന്നട ഭാഷയെ കുറിച്ചുള്ള ഗൂഗിളിന്റെ പരാമര്‍ശത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് ‘കന്നട’ എന്ന ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍നിന്നുള്ള മറുപടിക്കെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നത്.

ഗൂഗിളിന്റെ ഉത്തരത്തിനെതിരെ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇടപെട്ടത്. ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഒരു വെബ്‌സൈറ്റില്‍ നല്‍കിയ വിവരമാണ് ഗൂഗിള്‍ നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് ഈ വെബ്‌സൈറ്റ് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഗൂഗിള്‍ വെബ്‌സൈറ്റില്‍നിന്നും എടുത്തിട്ടുള്ള ഉത്തരം നീക്കം ചെയ്തു.

കന്നട ഭാഷക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2,500ലധികം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും നിയമവകുപ്പുമായി ചര്‍ച്ച ചെയ്ത് ഗൂഗിളിന് നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top