മിശ്രവിവാഹ പരാമര്‍ശം; ഒരു വ്യക്തിയുടെ തലതിരിഞ്ഞ അഭിപ്രായം സമസ്തയുടെതായി കാണില്ല; എം ബി രാജേഷ്

കൊച്ചി: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എം ബി രാജേഷ്. സങ്കുചിതവും പ്രതിലോമകരമായ മനോഭാവം പുലര്‍ത്തുന്നവരുടെ നിലപാടാണിത്. ഒരു വ്യക്തിയുടെ തലതിരിഞ്ഞ അഭിപ്രായമായിട്ടേ ഇതിനെ കണക്കാക്കുന്നുള്ളൂ. സമസ്തയുടെ നിലപാടായി ഈ പ്രസ്താവനയെ കണക്കാക്കുന്നില്ല എന്നും എം ബി രാജേഷ്.

സമസ്ത അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്ന സംഘടനയാണെന്ന് കരുതുന്നില്ല. കേരളത്തില്‍ നവോത്ഥാന കാലം മുതല്‍ മിശ്രവിവാഹം ഉണ്ട്. ഇത്തരം നിലപാട് ആരെടുത്താലും അംഗീകരിക്കാനാകില്ല. മിശ്രവിവാഹം നടത്തിയതുകൊണ്ട് മതനിരാസം ആകണമെന്നില്ല. ഇതിനെല്ലാം ഭരണഘടന അനുവാദം നല്‍കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

സമൂഹത്തിലുള്ള അങ്ങേയറ്റം പിന്തിരപ്പനായ, ഈ ലോകവും സമൂഹവും ഇത്രയും മാറിയെന്ന് അറിയാത്ത ആളുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ്. ലൗജിഹാദെന്ന പേരില്‍ കാലങ്ങളായി സംഘപരിവാറും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണ് എന്നും എം ബി രാജേഷ് പറയുന്നു.

Top