പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍: മന്ത്രി കൃഷ്ണന്‍കുട്ടി

ആലപ്പുഴ: പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുകയും അതുവഴി അധിക പണത്തിനു വൈദ്യുതി വാങ്ങുന്ന സ്ഥിതി ഒഴിവാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ വൈദ്യുതി ഭവന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ സോളാര്‍, ജല വൈദ്യുത പദ്ധതികള്‍ വഴി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തുടനീളം തടസ്സമില്ലാത്ത വൈദ്യുതി പ്രവാഹം ലഭ്യമാക്കാനാണ് ശ്രമം. അതുവഴി കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയും. വൈദ്യുതി ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷിതമായ കവചിത കണ്ടക്ടറുകള്‍ സ്ഥാപിച്ചുവരികയാണ്.

ഇടുക്കി ഡാമില്‍ നിന്നും 800 മെഗാവാട്ട് അധികമായി ഉത്പ്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര അനുമതി ലഭ്യമായാല്‍ നടപ്പാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പള്ളിവാസല്‍, ശബരിഗിരി വൈദ്യുതി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യതിഥിയായി.

Top