പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നു ; ലയനം ഇനിയുമുണ്ടാകും

sbi

ന്യൂഡല്‍ഹി: ലയനത്തിലൂടെ പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്.

ബാങ്കിംങ് മേഖലയില്‍ ഏകീകരണം നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ തന്നെ തുടക്കമിട്ടിട്ടുണ്ട്. അഞ്ചോ ആറോ വലിയ ബാങ്കുകളായി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളില്‍ ഭൂരിപക്ഷം ഓഹരി പങ്കാളിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇന്ത്യയുടെ ബാങ്കിംങ് ആസ്തിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലധികം സംഭാവന ചെയ്യുന്നത് ഈ ബാങ്കുകളാണ്.

പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ബാങ്കിംങ് രംഗം കൂടുതല്‍ കരുത്തുറ്റതാക്കാം എന്നാണ് കേന്ദ്ര സര്‍ക്കരിന്റെ വിലയിരുത്തല്‍.

ബാങ്കിംങ് മേഖലയെ ബാധിക്കുന്ന സമ്മര്‍ദ്ദിത ആസ്തികളില്‍ സിംഹഭാഗവും വഹിക്കുന്നതും പൊതുമേഖലാ ബാങ്കുകളാണ്.

150 ബില്യണ്‍ ഡോളറിലധികമാണ് ഈ വിഭാഗത്തില്‍ പൊതു ധനകാര്യ സ്ഥാപനങ്ങളുടെ സംഭാവന. ആഗോള ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് 2019 മാര്‍ച്ച് മാസത്തോടെ കോടിക്കണക്കിന് മൂലധനവും ബാങ്കുകള്‍ക്ക് ആവശ്യമായി വരും.

ബാങ്കിംങ് മേഖലയെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ചില ലയന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരുങ്ങുന്നുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന ചില സൂചനങ്ങള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും നല്‍കിയിട്ടുണ്ട്.

വായ്പാ വളര്‍ച്ച വേഗത്തിലാക്കുന്നതിനും സാമ്പത്തിക വിപുലീകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കിംങ് മേഖലയില്‍ വിശാലമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ലയനത്തിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

ലയന നടപടികള്‍ വേഗത്തിലാക്കാനും ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും പുതിയ സംവിധാനം രൂപീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കുകളെയും മഹിളാ ബാങ്കിനെയും ലയിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയിലെ ഏകീകരണങ്ങള്‍ക്ക് തുടക്കമിട്ടത്.

Top