റേഷൻ മണ്ണെണ്ണ വില കുറച്ചു; കേരളത്തിൽ വിലയിൽ മാറ്റമുണ്ടാകില്ല

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ വില കുറച്ച് കേന്ദ്ര സർക്കാർ. 13 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് കുറച്ചത്. ഇതോടെ രാജ്യത്ത് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 89 രൂപയായി. അതേസമയം, ജൂലൈയിലെ വില വർധന കേരളത്തിൽ നടപ്പാക്കാത്തതിനാൽ  ഇവിടെ മണ്ണെണ്ണയുടെ വില 84 രൂപയായി തുടരും.

ഏപ്രിലിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വില. ജൂണിൽ നാല് രൂപ വർധിച്ച് 88 രൂപയായിരുന്നു. എന്നാൽ ഏപ്രിലിലെ മണ്ണെണ്ണ വിഹിതം ബാക്കി ഉള്ളതിനാൽ 84 രൂപയ്ക്ക് തന്നെ സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുകയായിരുന്നു. ജൂലൈയിൽ മണ്ണെണ്ണ വില 14 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. അപ്പോഴും കേരളം ഏപ്രിലിലെ വിലയിൽ തന്നെയാണ് മണ്ണെണ്ണ വിതരണം ചെയ്തത്. സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു.

സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചിരുന്നു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

Top