സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കും: പദ്ധതിയുമായി ബിൽഗേറ്റ്സ്

ഭൂമിയെയും കാലാവസ്ഥാ ക്രമത്തെയും മാറ്റി മറിക്കാൻ ശേഷിയുള്ള ആശയവുമായി മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സ്.ആഗോളതാപനത്തെ നേരിടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബിൽ ഗേറ്റ്സ് മുന്നോട്ടു വെക്കുന്ന ആശയം.

ഹാർവാർഡ് സർവകലാശാലയിൽ സോളാർ എൻജിനീയറിങ് റിസർച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബിൽഗേറ്റ്സ് നൽകി കഴിഞ്ഞു. ഭൂമിയിലെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രയോഗികതയാണ് ഈ പദ്ധതിയിലൂടെ പഠിക്കുന്നത്.

അന്തരീക്ഷത്തിന്റെ ഏതാണ്ട് 20 കിലോമീറ്റർ ഉയരത്തിൽ ബലൂൺ ഉപയോഗിച്ച് സൂഷ്മാണുകണങ്ങളെ എത്തിക്കുകയാണ് പരീക്ഷണത്തിനായി ചെയ്യുന്നത്. 100 ഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മാണുകണങ്ങൾ ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും. ഏതാണ്ട് പരമാവധി ഒരു കിലോമീറ്റർ നീളത്തിലും നൂറ് മീറ്റർ വീതിയിലുമായിട്ടായിരിക്കും ഇത് പരക്കുകയെന്ന് കരുതപ്പെടുന്നു. തുടർന്ന് ഈ എയറോസോൾ മേഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയുമാണ് ഗവേഷകർ ചെയ്യുക.

ആഗോളതാപനത്തെ നേരിടാനുള്ള മാർഗങ്ങൾ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Top