ഇന്ധന സെസ് കുറയ്ക്കുമോ?; തീരുമാനം ഇന്നറിയാം; ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കും

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതിൽ തീരുമാനം ഇന്നറിയാം. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിലപാട് അറിയിക്കുക. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുണ്ട്.

രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കണമെന്ന് ഇടതുമുന്നണിയിൽ ചർച്ചകളുയർന്നിരുന്നു. ഇതിൽ മുന്നണിയിൽ രണ്ടഭിപ്രായമുണ്ട്. യുഡിഎഫ് എംഎൽഎമാർ സമരം തുടരുന്ന സാഹചര്യത്തിൽ, ഇപ്പോൾഡ സെസ് കുറച്ചാൽ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് എൽഡിഎഫിൽ അഭിപ്രായം ഉയർന്നിട്ടുള്ളത്.

ഇന്ധന സെസിനെതിരെ പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ നടത്തുന്ന സത്യഗ്രഹസമരം തുടരുകയാണ്. സെസിനെതിരെ കോൺഗ്രസും ബിജെപിയും ഇന്നലെ നടത്തിയ പ്രതിഷേധമാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. സെസ് കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

Top