റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ എന്നിവ പുറത്തിറങ്ങി. ഈ രണ്ട് റെഡ്മിബുക്ക് ലാപ്ടോപ്പുകളിലും ഏറ്റവും പുതിയ 11th ജനറേഷന്‍ ഇന്റല്‍ പ്രോസസ്സറുകളാണ് ഉള്ളത്. ഈ ലാപ്‌ടോപ്പുകളുടെ വില എംഐ നോട്ട്ബുക്ക് സീരീസിനേക്കാള്‍ കുറവാണ്.

ഇന്റല്‍ കോര്‍ ഐ5, 512GB SSD, 8GB റാം കോണ്‍ഫിഗറേഷനിലാണ് റെഡ്മിബുക്ക് പ്രോ ലഭിക്കുന്നത്. റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷന്‍ ഇന്റല്‍ കോര്‍ i3, 8GB റാം, 256GB/512GB സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാണ്. രണ്ട് ലാപ്ടോപ്പുകളും ചാര്‍ക്കോള്‍ ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ മാത്രമേ ലഭിക്കുകയുള്ളു. റെഡ്മിബുക്ക് പ്രോയുടെ വില 49,999 രൂപയാണ്. റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ 256 ജിബി മോഡലിന് 41,999 രൂപയും 512 ജിബി മോഡലിന് 44,999 രൂപയുമാണ് വില.

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷന്‍ ലാപ്‌ടോപ്പുകള്‍ ഫ്‌ലിപ്കാര്‍ട്ട്, എംഐയുടെ വെബ്‌സൈറ്റ് എന്നിവയിലൂടെ സ്വന്തമാക്കാം. ആഗസ്റ്റ് 6, ഉച്ചയ്ക്ക് 12 മണി മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. ഈ ലാപ്‌ടോപ്പുകള്‍ ആദ്യ വില്‍പ്പനയിലൂടെ സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുടമകള്‍ക്ക് പ്രോ, ഇ-ലേണിംഗ് വേരിയന്റുകളില്‍ യഥാക്രമം 3,500 രൂപയും 2,500 രൂപയും കിഴിവ് ലഭിക്കും.

റെഡ്മിബുക്ക് പ്രോയും റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷനും 15.6 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്, 1,920 x 1,080 പിക്‌സല്‍ റെസല്യൂഷനുള്ള ഡിസ്‌പ്ലെയാണ് ഇത്. മുന്‍വശത്ത് ഒരു ജോടി 2W സ്റ്റീരിയോ സ്പീക്കറുകള്‍ ഡിടിഎസ് ഓഡിയോ സപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. 720 പി വെബ്ക്യാമും ഡ്യൂവല്‍ മൈക്രോഫോണുകളുമായാണ് ഈ ലാപ്ടോപ്പുകള്‍ വരുന്നത്. ലാപ്‌ടോപ്പുകളില്‍ ബ്രഷ് ചെയ്ത മെറ്റല്‍ ഫിനിഷുള്ള പോളികാര്‍ബണേറ്റ് ചേസിസാണ് ഉള്ളത്. ലാപ്‌ടോപ്പുകള്‍ക്ക് 1.8 കിലോഗ്രാം ഭാരവും 19.9 മില്ലീമീറ്റര്‍ കനവുമാണ് ഉള്ളത്.

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷന്‍ ലാപ്‌ടോപ്പുകള്‍ വിന്‍ഡോസ് പ്രിസിഷന്‍ ഡ്രൈവറുകളുള്ള വലിയ മള്‍ട്ടി-ടച്ച് ട്രാക്ക്പാഡുകളും 1.5 എംഎം കീ ട്രാവല്‍ ഉള്ള ഒരു കീബോര്‍ഡുമായാണ് വരുന്നത്. റെഡ്മിബുക്ക് പ്രോയ്ക്ക് കരുത്ത് പകരുന്നത് 11th ജനറേഷന്‍ ഇന്റല്‍ കോര്‍ i5-11300H ടൈഗര്‍ ലേക്ക് പ്രോസസറാണ്, ഇന്റല്‍ ഐറിസ് Xe ഗ്രാഫിക്‌സ് ഓണ്‍ബോര്‍ഡുമായിട്ടാണ് ഇത് വരുന്നത്. റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷനില്‍ 11th ജനറേഷന്‍ ഇന്റല്‍ കോര്‍ i3-1115G4 ടൈഗര്‍ ലേക്ക് എസ്ഒസിയാണ് ഉള്ളത്. രണ്ട് ലാപ്ടോപ്പുകളിലും 8 ജിബി ഡിഡിആര്‍ 4 റാമാണ് ഉള്ളത്.

റെഡ്മിബുക്ക് സീരിസിലെ രണ്ട് ലാപ്ടോപ്പുകളും ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ ബാറ്ററി ലൈഫ് നല്‍കുന്നു. ലാപ്ടോപ്പുകള്‍ 65W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ഏകദേശം 30 മിനിറ്റിനുള്ളില്‍ ബാറ്ററി 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. യുഎസ്ബി-എ പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി-സി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയുള്‍പ്പെടെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഈ ലാപ്‌ടോപ്പുകള്‍ വരുന്നത്.

 

Top