ഷാവോമി പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി.

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഷാവോമി പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. തായ്‌ലാന്‍ഡിലാണ് ഫോണ്‍ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 6 പ്രോ ഡ്യുവല്‍ റിയര്‍ക്യാമറയ്‌ക്കൊപ്പം ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായാണ് എത്തുന്നത്.

19:9 അനുപാതത്തിലുള്ള വലിയ സ്‌ക്രീനും നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് ഫീച്ചറുകളും റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്‌ഫോണിനെ വ്യത്യസ്തമാക്കുന്നു. നോട്ട് 5 പ്രോയിലേത് പോലെ സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസര്‍ തന്നെയാണ് പുതിയ ഫോണിലും ഉപയോഗിച്ചിട്ടുള്ളത്.

കറുപ്പ്, നീല, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിനൊപ്പം തന്നെ സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ നല്‍കും. ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്. ഗോറില്ലാ ഗ്ലാസ് സംരക്ഷണമുണ്ടാവും. ഒക്ടാകോര്‍ ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ് 636 പ്രൊസസറാണ് ഫോണിലുള്ളത്. നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ടാവും.

12 എംപി+ 5 എംപി ഡ്യുവല്‍ റിയര്‍ക്യാമറയാണ് ഫോണിനുള്ളത്. 20 മെഗാപിക്‌സല്‍ + രണ്ട് മെഗാപിക്‌സല്‍ സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് പ്രധാന ആകര്‍ഷണം. ഒപ്പം ഫെയ്‌സ് അണ്‍ലോക്ക് സൗകര്യം, 4000 mAh ബാറ്ററി എന്നിവയും ഫോണിലുണ്ടാവും.

Top