ഷവോമിയുടെ റെഡ്മി നോട്ട്10 മാർച്ച് 4ന് ലോഞ്ച് ചെയ്യും

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് ശ്രേണിയിലേക്ക് പുത്തൻ ഫോൺ അവതരിപ്പിക്കുന്നു. റെഡ്മി നോട്ട് 10 ആണ് ഷവോമി മാർച്ച് നാലിന് അവതരിപ്പിക്കാനിരിക്കുന്നത്. പുത്തൻ ഫോൺ ലോഞ്ച് ചെയ്യുന്ന ദിവസം മാർച്ച് 4 തന്നെ ആയി തിരഞ്ഞെടുക്കാനുള്ള കാരണവും ഷവോമി വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 4 എഴുതുന്നത് 4/3/21 എന്നായതിനാൽ ഓരോ അക്കങ്ങളും കൂട്ടിനോക്കിയാൽ ഉത്തരം പത്ത് എന്ന് കിട്ടും. പുത്തൻ ശ്രേണിയിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിങ്ങനെ 2 സ്മാർട്ട്ഫോണുകൾ ആണ് ആദ്യം അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 എസ് എന്നീ പതിപ്പുകളും അവതരിപ്പിക്കും.

ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അടിസ്ഥാന റെഡ്മി നോട്ട് 10 ഫോണിന് 120Hz എൽസിഡി ഡിസ്പ്ലേ ആയിരിക്കും. സ്നാപ്ഡ്രാഗൺ 732G പ്രോസസ്സർ ആയിരിക്കും ഏറ്റവും വിലക്കുറവുള്ള ഈ പതിപ്പിൽ ഇടം പിടിക്കുക. 4 GB റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വിൽപനക്കെത്തും.

3 നിറങ്ങളിലാണ് പുത്തൻ ഫോണുകൾ ലഭ്യമാവുക. അതേസമയം, അമോലെഡ് ഡിസ്പ്ലേ, 108 മെഗാപിക്‌സൽ പ്രധാന കാമറ, സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സർ എന്നിങ്ങനെ ഫീച്ചറുകൾ നിറഞ്ഞതാവും റെഡ്മി നോട്ട് 10 പ്രോ.

Top