ചെങ്കോട്ടയില്‍ പതാക ഉര്‍ത്തി സമരക്കാര്‍; സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ കര്‍ഷക സംഘടനകയുടെ പതാക ഉയര്‍ത്തി പ്രതിഷേധം. ഇത് അഴിച്ച് മാറ്റാനുള്ള ശ്രമം ഡല്‍ഹി പൊലീസ് ഉപേക്ഷിച്ചു. സ്ഥിതി കൂടുതല്‍ വഷളാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സംയമനം പാലിക്കുന്നത്.

നൂറ് കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിലേയ്ക്ക് എത്തിയത്. പൊലീസ് നല്‍കിയ റൂട്ട് മാപ്പ് അനുസരിച്ചല്ല പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അനുവദിച്ചിരുന്ന റിംഗ് റോഡ് സമയക്രമം അനുസരിച്ച് തുറന്നു കൊടുക്കാത്തതാണ് വലിയ സംഘര്‍ഷത്തിന് കാരണമായത്. അതേസമയം, കര്‍ഷക സംഘടനകളില്‍ ഉള്‍പ്പെടാത്തവരും പുറത്തു നിന്നുള്ളവരും സമരത്തില്‍ നുഴഞ്ഞു കയറി പ്രശ്‌നം ഉണ്ടാക്കിയതായി കര്‍ഷക സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.

ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി പൊലീസും മുന്നോട്ട് വന്നിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭം ഇത്തരത്തില്‍ നീങ്ങുന്നത് ക്രമസമാധാന പരിപാലനത്തിന് ഭൂഷണമല്ലെന്നും ഇത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിയ്ക്കുക.

 

Top