ക്യാമറ റെഡിന്റെ സ്ഥാപകന്‍ ജിം ജന്നാര്‍ഡ് വിരമിക്കുന്നു; ഹൈഡ്രജന്‍ ഫോണ്‍ പദ്ധതി ഉപേക്ഷിച്ചു

ഹോളീവുഡ് സംവിധായകരുടെ പ്രിയപ്പെട്ട ഡിജിറ്റല്‍ ക്യാമറ റെഡിന്റെ സ്ഥാപകന്‍ ജിം ജന്നാര്‍ഡ് വിരമിക്കുന്നു. 70 വയസുകാരനായ ജിം ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് വിരമിക്കുന്നത്. ജന്നാര്‍ഡ് വിരമിക്കുന്നതോടെ റെഡിന്റെ നിലവിലുള്ള പ്രസിഡന്റ് ജാറെഡ് ലാന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ടോമി റിയോസ്, മാര്‍ക്കറ്റിങ് ആന്റ് ക്രീയേറ്റീവ് പ്രസിഡന്റ് ജാമിന്‍ ജന്നാര്‍ഡ് എന്നിവര്‍ ആയിരിക്കും കമ്പനിയെ നയിക്കുക.

മേധാവി വിരമിക്കുന്നതിനൊപ്പം തന്നെ ഏറെ ചര്‍ച്ചയായ ഹൈഡ്രജന്‍ ഫോണ്‍ പദ്ധതി കമ്പനി ഉപേക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ട്.2017 ജൂലായിലാണ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ സൗകര്യത്തോടുകൂടിയുള്ള തങ്ങളുടെ ആദ്യ സ്മാര്‍ട്‌ഫോണിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഹോളോഗ്രാഫിക് ഡിസ്പ്ലേ, ടോപ്പ് നോച്ച് ക്യാമറ, മോഡ്യൂലാര്‍ അറ്റാച്മെന്റുകള്‍ ഉള്‍പ്പടെ നിരവധി പുതിയ സംവിധാനങ്ങള്‍ ഹൈഡ്രജന്‍ ഫോണിലുണ്ടാകുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

പലതവണ വൈകിയ ഹൈഡ്രജന്‍ ഫോണ്‍ 2018 ഒക്ടോബറില്‍ പുറത്തിറക്കിയെങ്കിലും വിപണിയില്‍ നിരാശയായിരുന്നു ഫലം. ഫോണുമായി ഘടിപ്പിക്കാവുന്ന മോഡ്യൂളുകള്‍ പിന്നാലെയെത്തുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതുണ്ടായില്ല. ഹൈഡ്രജന്‍ ഫോണുമായി ഘടിപ്പിക്കാനാവുന്ന അനുബന്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് പകരം ഹൈഡ്രജന്‍ വണ്‍ സ്മാര്‍ട്ഫോണിന്റെ ഒരു പ്രൊഫഷണല്‍ ക്യാമറ പതിപ്പ് പുറത്തിറക്കാനായിരുന്നു കമ്പനിയുടെ നീക്കം. പുറത്തിറക്കിയ ഹൈഡ്രജന്‍ വണ്‍ ഫോണിന്റെ വിലയും കമ്പനി അടുത്തിടെ കുറച്ചിരുന്നു.

എന്നാല്‍ പുതിയ പ്രഖ്യാപനം വന്നതോടെ ഹൈഡ്രജന്‍ വണ്‍ ഫോണിന് ഒരു പിന്‍ഗാമിയുണ്ടാവാനിടയില്ല. എന്നാല്‍ ഹൈഡ്രജന്‍ വണ്‍ ഫോണ്‍ വാങ്ങിയ ഉപയോക്താക്കളെ കൈവിടില്ലെന്നും ഭാവിയിലും ഫോണിന് വേണ്ട പിന്തുണ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ജന്നാര്‍ഡ് വിരമിക്കുന്നതോടെ റെഡിന്റെ നിലവിലുള്ള പ്രസിഡന്റ് ജാറെഡ് ലാന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ടോമി റിയോസ്, മാര്‍ക്കറ്റിങ് ആന്റ് ക്രീയേറ്റീവ് പ്രസിഡന്റ് ജാമിന്‍ ജന്നാര്‍ഡ് എന്നിവര്‍ ആയിരിക്കും കമ്പനിയെ നയിക്കുക.

1999ല്‍ ആണ് ജിം ജന്നാര്‍ഡ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘റെഡ് ഡിജിറ്റല്‍ സിനിമ ക്യാമറ’ കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. 2007ല്‍ ആദ്യത്തെ റെഡ് ക്യാമറ പുറത്തിറങ്ങി. മറ്റു ഡിജിറ്റല്‍ ക്യാമറകളെ അപേക്ഷിച്ച് ഭാരം കുറവാണെന്നതും ഏറ്റവും മികച്ച ക്വാളിറ്റി നല്‍കുന്നു എന്നതുമാണ് റെഡിനെ ഹോളിവുഡ് സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറയാക്കി മാറ്റിയത്.

ലോഡ് ഓഫ് റിംഗ്സ്, പൈറേറ്റ്സ് ഓഫ് കരീബിയന്‍, സ്പൈഡര്‍മാന്‍ തുടങ്ങിയ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളും ഓസ്‌കാര്‍ നേടിയ അര്‍ജന്റീനിയന്‍ സിനിമ ദ സീക്രട് ഇന്‍ ദെയര്‍ ഐസ്, ഡെന്‍മാര്‍ക് ചിത്രമായ ഇന്‍ എ ബെറ്റര്‍ വേള്‍ഡ് എന്നിവയും റെഡിലൂടെ ഷൂട് ചെയ്തതാണ്.

Top