ശക്തമായ മഴ; വയനാട്ടില്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

heavy-rain

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തില്‍ കനത്ത നാശമുണ്ടായ വയനാട്ടില്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴയെ തുടര്‍ന്നു വയനാട്ടില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ പലയിടങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും പ്രദേശത്ത് എത്തിയിട്ടുണ്ട്. നേവിയുടെ സംഘമാണ് വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുന്നത്.

അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നിരിക്കുകയാണ്. മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തിലാണ് ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇടമലയാര്‍ തുറന്നതിനാലാണ് ട്രയല്‍ റണ്‍ വൈകിയത്. ശക്തമായ മഴ തുടരുന്നതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.

Top