തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പെയ്യുന്ന തുടര്‍ച്ചയായ മഴയിലും തുടര്‍ന്നുണ്ടായ അപകടങ്ങളിലും മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച മൂന്നുപേര്‍ മരിച്ചതായി മന്ത്രി കെ.കെ.എസ്.എസ്.ആര്‍. രാമചന്ദ്ര പ്രതികരിച്ചു. 120 വീടുകള്‍ക്കും 681 കുടിലുകള്‍ക്കും തകരാറുണ്ടായി. 152 ഓളം കന്നുകാലികള്‍ ചത്തു. ചെങ്കല്‍പെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്കും അതിതീവ്രമഴയ്ക്കും സാധ്യത. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം, പുതുക്കോട്ട, മയിലാടുതുറൈ, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 29 വരെ മഴ തുടരും.

കഴിഞ്ഞ 24 മണിക്കൂറായി തമിഴ്‌നാട്ടിലെ 21 ജില്ലകളില്‍ മഴ തുടരുകയാണ്. ഇവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ചെന്നൈയിലും അയല്‍ ജില്ലകളിലും അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.

 

 

Top