ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അണക്കെട്ടുകള്‍ തുറക്കുന്നു. കക്കി, ഷോളയാര്‍ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെയുമാണ് തുറക്കുക. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതിന് ശേഷം ഷട്ടര്‍ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി. കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.

കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവില്‍ ചാലക്കുടി പുഴയില്‍ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയര്‍ത്തും. വാല്‍പ്പാറ, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.

പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ടാണ്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതേസമയം, കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷം തുറക്കും.

അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി 100 മുതല്‍ 200 മാക്‌സ് വെള്ളം വരെ തുറന്ന് വിടാനാണ് തീരുമാനം. ഇതുമൂലം പമ്പാനദിയിലും കക്കാട്ടറിലും 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. പമ്പയിലും അച്ചന്‍കോവിലാറ്റിലും ഉയര്‍ന്ന ജലനിരപ്പാണ്.

 

Top