വിനോദവേട്ട; ഡെന്‍മാര്‍ക്കില്‍ കൊന്നൊടുക്കിയത് 1500 ഡാേള്‍ഫിനുകളെ

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപിന് ഇപ്പോള്‍ രക്തത്തിന്റെ മണമാണ്. ദ്വീപിലെ സ്‌കാലബൊട്‌നൂര്‍ ബീച്ചില്‍ ഒരു ദിവസം മാത്രം 1500ഓളം ഡോള്‍ഫിനുകളാണ് കൊല്ലപ്പെട്ടത്. ദ്വീപില്‍ വര്‍ഷം തോറും നടക്കുന്ന ഗ്രൈന്‍ഡഡ്രാപ് എന്ന വിനോദ കടല്‍വേട്ടയിലാണ് ഇത്രയധികം ഡോള്‍ഫിനുകളെ കൊന്നൊടുക്കിയത്.

400 വര്‍ഷത്തോളമായി തുടരുന്ന ഈ ആചാരത്തിന്റെ ഭാഗമായി എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപില്‍ എല്ലാ വര്‍ഷവും വേട്ടയാടുന്നത്. ഫെറോ ദ്വീപ് തീരത്തോട് ചേര്‍ന്ന് ചത്തു കിടക്കുന്ന ഡോള്‍ഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇതോടെ വിനോദത്തിനായുള്ള ഫെറോ ജനതയുടെ ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തില്‍ വലിയ രോഷവും ഉയര്‍ന്നു. ഇത്രയും ക്രൂരമായ വേട്ടയാടല്‍ അനുവദിക്കരുതെന്നും ഡോള്‍ഫിന്‍ വേട്ടയ്‌ക്കെതിരേ നടപടി വേണമെന്നുമാണ് കടല്‍ജീവി സംരക്ഷണ ഗ്രൂപ്പുകളുടെ ആവശ്യം.

പൈലറ്റ് വേള്‍സ് എന്നറിയപ്പെടുന്ന ചെറു തിമിംഗലങ്ങളെയാണ് ഇവര്‍ കൂടുതലും വേട്ടയാടി കൊല്ലാറുള്ളത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഓരോ വര്‍ഷവും ശരാശരി 600 പൈലറ്റ് തിമംഗലങ്ങളെയും 250 ഡോള്‍ഫിനുകളെയും വേട്ടയില്‍ പിടികൂടാറുണ്ടെന്ന് ഫെറോ സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. വേട്ടയില്‍ ഡോള്‍ഫിനുകളെ കിട്ടിയാലും വെറുതേ വിടാറാണ് പതിവ്. കഴിഞ്ഞ വര്‍ഷം 35 ഡോള്‍ഫിനെ മാത്രമാണ് കൊന്നത്.

2019ല്‍ 10 ഡോള്‍ഫിനുകളെ മാത്രമാണ് വേട്ടയാടി കൊന്നിരുന്നത്. എന്നാല്‍ ഇത്തവണ ഡോള്‍ഫിനുകളെ വന്‍തോതില്‍ കൊലപ്പെടുത്തി. ഇതോടെ രോഷവും ഉയര്‍ന്നു.

 

Top