നെറ്റ്ഫ്ലിക്സില്‍ റെക്കോര്‍ഡിട്ട് ആര്‍ആര്‍ആര്‍; 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ് രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആര്‍. ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെയാണ് ആഗോള പ്രേക്ഷകരിലേക്ക് ചിത്രം കടന്നുചെന്നത്. നെറ്റ്ഫ്ലിക്സില്‍ എത്തിയതു മുതല്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്ള ചിത്രം ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് കൂടി ഇട്ടിരിക്കുകയാണ്. മെയ് 20 ന് നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം തുടര്‍ച്ചയായ 14-ാം വാരവും പ്ലാറ്റ്‍ഫോമിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. നെറ്റ്ഫ്ലിക്സ് റിലീസിനു ശേഷം വിദേശ രാജ്യങ്ങളില്‍, വിശേഷിച്ചും ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ചിത്രത്തിന് വലിയ രീതിയിലുള്ള പ്രശംസ ലഭിച്ചിരുന്നു. മിക്കവരും ചിത്രത്തോടുള്ള തങ്ങളുടെ പ്രിയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളില്‍ ആദ്യമായാണ് ഒരു ചിത്രം ഈ ഇത്രയും കാലം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നത്. ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.

Top