രാജ്യത്ത് റെക്കോര്‍ഡ് വാക്‌സിനേഷന്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പനിച്ചെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്ത് റെക്കോര്‍ഡ് വാക്സിനേഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ വെള്ളിയാഴ്ച 2.5 കോടിയിലേറെ ഡോസാണ് വിതരണം ചെയ്തത്. പിന്നാലെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. ”ഇന്നലെ നമ്മള്‍ റെക്കോര്‍ഡ് വാക്സീനേഷനാണ് പിന്നിട്ടത്. പിന്നാലെ രാത്രിയോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പനി വന്നു”-എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഗോവയിലെ ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയ മോദി കൊവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം ഉള്‍പ്പെടെ മേഖലകള്‍ക്ക് കേന്ദ്രസഹായമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

ഗോവക്കും ഹിമാചല്‍പ്രദേശിനും പിന്നാലെ കേരളം, പുതുച്ചേരി അടക്കം ഉടന്‍ ആദ്യ ഡോസ് വാക്സീന്‍ നൂറ് ശതമാനം നേട്ടം കൈവരിക്കുമെന്ന് മോദി പറഞ്ഞു. ആദ്യഘട്ട ഡോസ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊവിഡ് നിയന്ത്രണത്തിലെ ഇടപെടലും മന്ത്രാലയങ്ങുടെ പ്രവര്‍ത്തനവും അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. വൈകുന്നേരമാണ് യോഗം.

ജൂണില്‍ ചൈനയുടെ 2.47 കോടി ഡോസ് വാക്സീന്‍ എന്ന റെക്കോര്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്നലെ 2.5 കോടിയിലേറെ ഡോസാണ് വിതരണം ചെയ്തത്.

 

Top