റെക്കോഡ് വില്‍പന; പുതുവര്‍ഷ തലേന്ന് മലയാളി കുടിച്ചത് 82 കോടിയുടെ മദ്യം

തിരുവനന്തപുരം: മുന്‍കാലങ്ങളിലെ റെക്കാഡ് തിരുത്തിയുളള വില്‍പനയാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോയിലുണ്ടായത്. ആ റെക്കാഡും ഇന്നലെ തകര്‍ത്തു. ഡിസംബര്‍ 31ന് 82.26 കോടിയുടെ മദ്യമാണ് ബെവ്‌കൊ വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 12 കോടിയുടെ വര്‍ദ്ധന. 70.55 കോടിയുടെ മദ്യവില്പനയാണ് കഴിഞ്ഞവര്‍ഷം നടന്നത്.

ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നാണ്. ക്രിസ്മസ് തലേന്നും ഇവിടെയായിരുന്നു ഏറ്റവുമധികം വില്‍പന നടന്നത്. ഡിസംബര്‍ 31ന് പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ ഒരുകോടി അറുപത് ലക്ഷം രൂപയുടെ മദ്യം വിറ്റുപോയി. രണ്ടാമത് പാലാരിവട്ടത്തെ ഔട്ട്‌ലെറ്റാണ്. 81 ലക്ഷമാണ് ഇവിടെ. കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.

ക്രിസ്മസിന് മുന്‍പ് ബെവ്‌കൊ 65.88 കോടി രൂപയുടെ മദ്യം വിറ്റു. മുന്‍ വര്‍ഷം ഇത് 55 കോടിയായിരുന്നു. പവര്‍ഹൗസ് റോഡിലെ ഔട്‌ലെറ്റില്‍ 73 ലക്ഷത്തിന്റെ വില്‍പനയാണ് ക്രിസ്മസിന് നടന്നത്. ക്രിസ്മസ് ദിനം ബെവ്‌കോ വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകള്‍ വഴി എട്ട് കോടിയുടെയും മദ്യമാണ് വിറ്റത്. രണ്ട് ദിവസങ്ങളും ചേര്‍ത്ത് ക്രിസ്തുമസിന് 150 കോടിയുടെ മദ്യം മലയാളി കുടിച്ചുതീര്‍ത്തു.

Top