വാഹനങ്ങള്‍ക്ക് റെക്കോഡ് വില്‍പ്പന; ഉത്സവകാല വിപണിയില്‍ വിറ്റത് 37.93 ലക്ഷം വാഹനങ്ങള്‍

ത്സവകാല വിപണിയില്‍ വാഹനങ്ങള്‍ക്ക് റെക്കോഡ് വില്‍പ്പന. 37.93 ലക്ഷം വാഹനങ്ങളാണ് 42 ദിവസത്തിനിടെ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് വിപണിയില്‍ 19 ശതമാനമാണ് വില്‍പ്പനയില്‍ വര്‍ധനവ് വന്നിരിക്കുന്നത്. 31,95,213 വാഹനങ്ങളായിരുന്നു അന്ന് ആകെ വിറ്റഴിഞ്ഞത്. നവരാത്രിമുതല്‍ ധന്‍തേരസും ദീപാവലിയുമടക്കം 42 ദിവസമാണ് ഉത്സവകാല വിപണിയായി കണക്കാക്കുന്നത്. ഇരുചക്രവാഹനം, ഓട്ടോറിക്ഷ, വാണിജ്യ വാഹനം, യാത്രാവാഹനം (കാര്‍, എസ്.യു.വി.) എന്നിങ്ങനെ എല്ലാ മേഖലയിലും കാര്യമായ വില്‍പ്പനവളര്‍ച്ച രേഖപ്പെടുത്തി. ഇരുചക്രവാഹന വില്‍പ്പനയില്‍ 20.71 ശതമാനവും ഓട്ടോ വിപണിയില്‍ 41.39 ശതമാനവുമാണ് വളര്‍ച്ച. കാര്‍ വില്‍പ്പനയില്‍ 10.32 ശതമാനം, വാണിജ്യവാഹന വിഭാഗത്തില്‍ 8.11 ശതമാനം എന്നിങ്ങനെയാണ് വര്‍ധന.

ട്രാക്ടര്‍ വില്‍പ്പനയില്‍ 0.5 ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കി. ഇരുചക്രവാഹന വില്‍പ്പനയില്‍ ഗ്രാമീണമേഖലയിലാണ് കൂടുതല്‍ വര്‍ധന പ്രകടമായതെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ അഭിപ്രായപ്പെട്ടു.

നവരാത്രിസമയത്ത് വാഹനങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ മുന്നേറ്റമുണ്ടായിരുന്നില്ല. എന്നാല്‍, ദീപാവലിയോടടുത്ത് സ്ഥിതി മെച്ചപ്പെട്ടു. യാത്രാവാഹന വിഭാഗത്തില്‍ എസ്.യു.വി.കള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബൈക്ക്, സ്‌കൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ഇരുചക്രവാഹന വിഭാഗത്തില്‍ 28,93,103 യൂണിറ്റിന്റെ വില്‍പ്പനയാണ് 2023-ലെ ഉത്സവകാലത്ത് രേഖപ്പെടുത്തിയത്. അതേസമയം, 23,96,665 യൂണിറ്റായിരുന്നു 2022-ലെ ഉത്സവ സീസണില്‍ വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്. മുച്ചക്രവാഹനങ്ങളുടെ വില്‍പ്പനയിലും സമാനമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022-ല്‍ 1,01,052 യൂണിറ്റിന്റെ വില്‍പ്പനയായിരുന്നെങ്കില്‍ 2023-ല്‍ ഇത് 1,42,875 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.

കാറുകളുടെയും എസ്.യു.വികളുടെയും വില്‍പ്പനയിലും വന്‍ കുതിപ്പാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. 5,47,246 യൂണിറ്റാണ് 2023-ലെ ഉത്സവകാല വില്‍പ്പനയെങ്കില്‍ 2022-ല്‍ ഇത് 4,96,047 യൂണിറ്റായിരുന്നു. വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയിലും നേട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022-ല്‍ 1,14,498 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കില്‍ ഈ ഉത്സവ സീസണില്‍ അത് 1,23,784 യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്. ട്രാക്ടറിന്റെ വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായി 2022-ല്‍ 86,951 യൂണിറ്റ് ഉണ്ടായിരുന്നത് ഈ വര്‍ഷം 86,572 ആയി കുറഞ്ഞു.

Top