ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന

തിരുവനന്തപുരം∙ 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വിൽപന. പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണു ടിക്കറ്റ് വിൽപന തുടങ്ങിയത്.

തുടക്കത്തിൽ തന്നെ റെക്കോർഡ് കലക്‌ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്.

ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണ് ഇത്തവണത്തെ ഓണം ബംപർ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുക‍ളിലാണ് ടിക്കറ്റുകൾ. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം.

സെപ്റ്റംബർ 18ന് ആണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാന‍ത്തുകയാണ് ഇത്തവണ.

Top