ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

 

ഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്. മേയില്‍ മാത്രം ഇന്ത്യയില്‍നിന്ന് 12,000 കോടി രൂപയുടെ സ്മാര്‍ട്‌ഫോണ്‍ കയറ്റുമതി നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 10,000 കോടി രൂപയുടെ ഐഫോണുകളും ഉള്‍പ്പെടുന്നു. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക് അസോസിയേഷനാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-2023) 500 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്തത്. 2024 സാമ്പത്തിക വര്‍ഷം ആരംഭിച്ചതിനു ശേഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രം 20,000 കോടിയുടെ കയറ്റുമതി ഇന്ത്യ നടത്തി. റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കയറ്റുമതി വിപണിയാണ് സ്മാര്‍ട്‌ഫോണ്‍ കയ്യടക്കിയത്. ഐഫോണ്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം സാംസങ്ങിനാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് ഐഫോണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പ് ഐഫോണ്‍ 14 ന്റേയും 13ന്റേയും അസംബ്ലിങ് നടന്നത് ചെന്നൈയിലുള്ള ഫാക്ടറിയിലാണ്. ഫോക്‌സ്‌കോണ്‍ ആണ് നിര്‍മാണത്തിനു നേതൃത്വം നല്‍കുന്നത്. 2025 ആകുമ്പോഴേക്കും ലോകത്തെ മൊത്തം ഐഫോണ്‍ ഉല്‍പാദനത്തിന്റെ 25% ഇന്ത്യയില്‍നിന്നാക്കാനാണ് പദ്ധതിയിടുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് നറുക്കു വീണത്.

 

Top