കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് റെക്കോര്‍ഡ് ലാഭം; ഓഹരി ഉടമകള്‍ക്ക് 35% ലാഭവിഹിതം

നെടുമ്പാശേരി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭവും നിക്ഷേപകര്‍ക്ക് ലാഭവിഹിതവും പ്രഖ്യാപിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍). 521.5 കോടി രൂപയാണ് 2022-23 വര്‍ഷത്തെ ലാഭം. ഓഹരിയുടമകള്‍ക്ക് 35% ലാഭവിഹിതമാണ് ഈ വര്‍ഷം വിതരണം ചെയ്യുക. കോവിഡ് കാലത്ത് നഷ്ടത്തിലായ കമ്പനി തുടര്‍ന്ന് നടപ്പാക്കിയ സാമ്പത്തിക, പ്രവര്‍ത്തന പുനഃക്രമീകരണങ്ങളെത്തുടര്‍ന്നാണ് മികച്ച നേട്ടമുണ്ടാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം കമ്പനിയുടെ വരവുചെലവു കണക്കുകള്‍ അംഗീകരിച്ചു. 2022-23ലെ കമ്പനിയുടെ മൊത്തവരുമാനം 770.90 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭത്തില്‍ തേയ്മാനച്ചെലവ്, നികുതി, പലിശ എന്നിവ കിഴിച്ച് അറ്റാദായം 267.17 കോടി.രജത ജൂബിലി വര്‍ഷത്തില്‍ സിയാലിന്റെയും അനുബന്ധ കമ്പനികളുടെയും വരുമാനം 1000 കോടിയാക്കി വര്‍ധിപ്പിക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്.

കോവിഡിന്റെ പ്രത്യാഘാതത്തില്‍ 2020-21ല്‍ 85.10 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. എന്നാല്‍, 2021-22ല്‍ മൊത്തവരുമാനം 418.69 കോടി രൂപയായി. 22.45 കോടി ലാഭം. കോവിഡനന്തര വര്‍ഷത്തില്‍ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാല്‍. പൂര്‍ണ അനുബന്ധ കമ്പനികളായ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ് (സിഐഎഎസ്എല്‍), സിയാല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (സിഐഎല്‍), സിയാല്‍ ഡ്യൂട്ടിഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡ് തുടങ്ങിയവയുടെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്.

പി.രാജീവ്, കെ.രാജന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഇ.കെ.ഭരത് ഭൂഷണ്‍, എം.എ.യൂസഫലി, ഇ.എം.ബാബു, എന്‍.വി.ജോര്‍ജ്, പി.മുഹമ്മദലി, മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ്, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ് എന്നിവരും പങ്കെടുത്തു.

Top