സംസ്ഥാനത്ത് മദ്യ വരുമാനത്തിൽ റെക്കോർഡ് വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മദ്യ വിൽപനയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ റെക്കോർഡ് വർധന. എക്സൈസ് വകുപ്പ് 2022-23 സാമ്പത്തിക വർഷം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കും. ഫെബ്രുവരി 28 വരെ, വിൽപ്പന നികുതി ഒഴികെ മദ്യവിൽപ്പനയിൽ നിന്ന് സംസ്ഥാന ഖജനാവിലേക്ക് 2,480.15 കോടി രൂപ വരുമാനമായി ലഭിച്ചു. മുമ്പ് 2018-19ൽ 1,948.69 കോടി രൂപ ലഭിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന വരുമാനം. 2018-19 സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു. ഈ വർഷം മാർച്ചിലെ കണക്കുകൂടി പുറത്തുവരുമ്പോൾ വരുമാനം റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നടപ്പു സാമ്പത്തിക വർഷത്തിൽ മദ്യവിൽപനയിൽ നിന്ന് 2,655.52 കോടി രൂപയായിരുന്നു പ്രതീക്ഷിച്ച വരുമാനം. എന്നാൽ, ഇത് പിന്നീട് 2,800.45 കോടി രൂപയായി ഉയർത്തി. ബാർ ഹോട്ടലുകളും ബിയർ വൈൻ പാർലറുകളും ഉൾപ്പെടെ മിക്ക ലൈസൻസുകളും പുതുക്കുന്ന മാസമായതിനാൽ മാർച്ചിലെ വരുമാനം വളരെ കൂടുതലായിരിക്കും. നിലവിലുള്ള ബാർ ഹോട്ടലുകൾ, ബിയർ, വൈൻ പാർലറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയുടെ ലൈസൻസ് പുതുക്കിയാൽ മാത്രം ഏകദേശം 225 കോടി രൂപ ലഭിക്കും. മറ്റ് ഫീസും ലൈസൻസ് പുതുക്കലും കൂടി ചേർത്താൽ 500 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ചിലെ മൊത്തം കണക്കുകൾ പുറത്തുവരുമ്പോൾ വരുമാനം 3000 കോടിയായി മാറുമെന്ന് കണക്കുകൂട്ടുന്നു.

എക്സൈസ് ഡ്യൂട്ടി, ലൈസൻസ് ഫീസ്, മറ്റ് റെഗുലേറ്ററി ഫീസ് എന്നിവയാണ് വരുമാനത്തിലെ പ്രധാന ഘടകങ്ങൾ. ഒരു ലിറ്ററിന് വാങ്ങുന്ന വിലയുടെ 21.5% മുതൽ 23.5% വരെയുള്ള സ്ലാബുകളിലായാണ് എക്സൈസ് തീരുവ കണക്കാക്കുന്നത്. എക്സൈസ് തീരുവയുടെ ഏറ്റവും ഉയർന്ന നിരക്ക് ലിറ്ററിന് 237 രൂപയാണ്. വിൽപന നികുതിയും അടുത്തിടെ പരിഷ്കരിച്ചതോടെ മദ്യത്തിൽ നിന്നുള്ള വരുമാനം ഇനിയും ഉയരും. കഴിഞ്ഞ വർഷം നവംബറിൽ സർക്കാർ വിൽപ്പന നികുതി നാല് ശതമാനം വർധിപ്പിച്ചിരുന്നു. ഏപ്രിൽ 1 മുതൽ സർക്കാർ ചുമത്തുന്ന സാമൂഹിക സുരക്ഷാ സെസ് പ്രാബല്യത്തിൽ വരുന്നതോടെ വില വീണ്ടും ഉയരും.

Top