Reconciling the Rumors: What the iPhone SE Might Look Like

ആപ്പിളില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ 5 എസ് ഇയുടെ ചിത്രങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നു. നിലവില്‍ വിപണിയിലുള്ള ഐഫോണുകളുടെ ചെറു രൂപമെന്ന് വിശേഷിപ്പിക്കുന്ന ഈ വിലകുറഞ്ഞ ഐഫോണിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത്.

വിലക്കൂടുതല്‍ എന്ന പ്രതിബന്ധത്തെ മറികടന്ന് ഇതു വരെയും ഐഫോണുകള്‍ ആസ്വദിക്കാന്‍ കഴിയാത്ത സാധാരണക്കാരുടെ ആദ്യ അത്താണിയാകും ഐഫോണ്‍ 5 എസ് ഇ.

ആപ്പിള്‍ ബജറ്റ് ഫോണ്‍ പുറത്തിറക്കുന്നുവെന്ന ചില ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ആപ്പിളിന്റെ ഈ കുഞ്ഞന്‍ ഫോണിന്റെ പേരിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ഐഫോണ്‍ 5 എസ് ഇ അല്ലെങ്കില്‍ ഐഫോണ്‍ എസ് ഇ എന്ന പേരിലുള്ളതാകും പുതിയ ഐഫോണ്‍ എന്ന വാദം തുടരവേ ചിത്രങ്ങളിലെ ഫോണ്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിനു പുറത്ത് ദൃശ്യമാകുന്ന ‘ഐഫോണ്‍ 5 എസ് ഇ’ എന്ന പേര് പേരിലെ തര്‍ക്കം തീര്‍ക്കാന്‍ പര്യാപ്തമാണ്.

2.5 ഡി, 4.7 ഇഞ്ച് സ്‌ക്രീനുമായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 5 എസ് ഇയ്ക്ക് കാഴ്ചയില്‍ ഐഫോണ്‍ 6 എസിന് സമാനമായ രൂപകല്‍പ്പനയാണുള്ളത്. ഐഫോണ്‍ 5 എസിന്റെ വലിപ്പം പ്രതീക്ഷിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ 6 എസിന് കരുത്തേകുന്ന എ 9 പ്രോസസര്‍ പിടിപ്പിച്ചാകും വിപണിയിലെത്തുക. ഫോണിന്റെ മുകളിലായി പവര്‍ ബട്ടനോടെ എത്തിയ ഐഫോണ്‍ 5 എസില്‍ നിന്നും വ്യത്യസ്തമായി ഫോണിന്റെ ഒരു വശത്തായി പവര്‍ ബട്ടണ്‍ പിടിപ്പിച്ചാകും ഐഫോണ്‍ 5 എസ് ഇ എത്തുന്നത്.

ത്രിഡി ടച്ച് സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ സാധ്യതയില്ലാത്ത ഐഫോണ്‍ മോഡലായ ഐഫോണ്‍ 5 എസ് ഇയില്‍ ടച്ച് ഐഡി, ആപ്പിള്‍ പേ എന്നീ സവിശേഷതകള്‍ക്ക് സഹായകമായ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഐഫോണ്‍ 6 എസില്‍ ഉപയോഗിച്ചിരിക്കുന്ന ലൈവ് ഫോട്ടോ സൗകര്യം നല്‍കുന്ന 12 മെഗാപിക്‌സല്‍ ക്യാമറയാണ് നേരത്തേ 8 മെഗാ പിക്‌സല്‍ ക്യാമറ കണക്കുകൂട്ടിയിരുന്ന ഐഫോണ്‍ 5 എസ് ഇയില്‍ ഫോട്ടോപ്രേമികളെ ആകര്‍ഷിക്കനെത്തുന്നത്. എന്നാല്‍ എല്ലാവരും ചോദിക്കുന്നത് ഒന്നുമാത്രം, പുതിയ ഫോണിനു എന്തുവില വരും. ഇന്ത്യയില്‍ 20,000 രൂപയ്‌ക്കെങ്കിലും ഈ ഹാന്‍ഡ്‌സെറ്റ് വാങ്ങാന്‍ കഴിയുമോ?

മാര്‍ച്ച് 22 ന് ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്ന ഫോണിനു ഐഫോണ്‍ 5 ലേതിനെക്കാള്‍ ശേഷിയേറിയ 1650 എംഎഎച്ച് ബാറ്ററിയാണുള്ളത്. പുതിയ ഐഫോണ്‍ ലോഞ്ചിംഗ് ചടങ്ങില്‍ വച്ചുതന്നെ ഐപാഡ് പ്രോയുടെ ചെറു രൂപമായ ഹൈബ്രിഡ് ടാബ്, പുതിയ മോഡല്‍ ഐ വാച്ചുകള്‍ എന്നിവയും ആപ്പിള്‍ വിപണിയിലെത്തിക്കും.

Top