പിഡബ്ല്യുസിയ്ക്ക് സെക്രട്ടേറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിയ്ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാനുള്ള ശുപാര്‍ശ നല്‍കി. ഗതാഗത സെക്രട്ടറിയാണ് നോട്ട് പുറത്തിറക്കിയത്. ഇത്തരം ശ്രമം ഇല്ലെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ വിശദീകരണം.

അതേസമയം ഇ മൊബിലിറ്റി പദ്ധതിയില്‍നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) ഒഴിവാക്കി. കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്നാണ് പിഡബ്ല്യുസിയെ നീക്കിയത്. സമയപരിധിക്കുള്ളില്‍ പദ്ധതിയുടെ കരട് രേഖ കമ്പനി സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒഴിവാക്കിയത്.

2018 സെപ്റ്റംബര്‍ 27ന് ഇതുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് സര്‍ക്കാരിലേക്ക് കുറിപ്പു നല്‍കുന്നത്. ഇ- മൊബിലിറ്റി പദ്ധതിയുടെ ഭാഗമായാണിത്. മറ്റ് ചില പദ്ധതികള്‍ കൂടി സംയോജിപ്പിച്ച് നടത്തിക്കൊണ്ടു പോകേണ്ടതുണ്ടെന്നും, അങ്ങനെയുള്ള വലിയ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഓഫീസ്(ബാക്ക ഡോര്‍ ഓഫീസ്) സെക്രട്ടറിയേറ്റില്‍ അത്യാവശ്യമാണെന്നും അത്തരത്തില്‍ ബാക്ക് ഡോര്‍ ഓഫീസ് തുറക്കണം എന്ന ശുപാര്‍ശ ചെയ്തുള്ളതാണ് ജ്യോതിലാലിന്റെ കുറിപ്പ്.

സെക്രട്ടറിയേറ്റിലെ നിലവിലുള്ള അസിസ്റ്റന്റുമാര്‍ക്ക് ഇത്തരം ജോലികള്‍ സംയബന്ധിതമായും കാര്യക്ഷമമായും ക്രിയാത്മകമായും നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്ന് കൂടി ഫയലില്‍ ജ്യോതിലാല്‍ എഴുതുന്നുണ്ട്. പദ്ധതികളുടെ ഗുണം ജനങ്ങളിലേക്കെത്തിക്കാന്‍ വ്യാപകമായ സാമൂഹിക മാധ്യമ കാമ്പയിനുകള്‍ ആവശ്യമാണെന്നും

അതിനാല്‍ പിഡബ്ല്യുസി തയ്യാറാക്കി സമര്‍പ്പിച്ച വാല്യു മാനേജ്മെന്റിന്റെ ഓഫീസിന്റെ പ്രപ്പോസല്‍ അംഗീകരിക്കാവുന്നതാണ് എന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറി ഫയലില്‍ എഴുതിയിരിക്കുന്നത്. അങ്ങനെയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് സെക്രട്ടേറിയേറ്റില്‍ ഓഫീസ് തുറക്കാനുള്ള നടപടിക്രമങ്ങള്‍ ഉണ്ടായത്.

Top