കേരളത്തില്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇളവു നല്‍കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: കേരളത്തില്‍ സ്പുട്നിക് വാക്സിന്‍ നിര്‍മാണ കമ്പനിക്കും മറ്റു വാക്സീന്‍ കമ്പനികള്‍ക്കും ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ഇളവു നല്‍കണമെന്നു ശുപാര്‍ശ. റഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തലസ്ഥാനത്ത് സ്പുട്നിക് വാക്സീന്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണു ശുപാര്‍ശ മുന്നോട്ടുവച്ചത്.

തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 10 ഏക്കര്‍ സ്ഥലമാണു സ്പുട്നിക് കമ്പനിക്കായി കണ്ടെത്തിയിരിക്കുന്നത്. വ്യവസായ വികസന കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കിലെ 198 ഏക്കറില്‍ 20 ഏക്കര്‍ വാക്സീന്‍ ഉല്‍പാദനത്തിനായി മാറ്റി വയ്ക്കണമെന്നു സമിതി ശുപാര്‍ശ ചെയ്തു. വാക്സീന്‍ കമ്പനികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇളവുകളോടെ ഭൂമി പാട്ടത്തിനു നല്‍കണം. പിന്നീട് ഈ കാലാവധി നീട്ടണം. യൂണിറ്റിന് ഒരു രൂപ നിരക്കില്‍ വൈദ്യുതി നല്‍കണം. കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിക്കണം. സ്റ്റാംപ് ഡ്യൂട്ടിയിലും നികുതിയിലും ഇളവുകള്‍ നല്‍കണം.

പാര്‍ക്കില്‍ പണി പൂര്‍ത്തിയായി വരുന്ന 85,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം ഇളവുകള്‍ നല്‍കി വാക്സീന്‍ കമ്പനികള്‍ക്ക് അനുവദിക്കുന്ന കാര്യം ആലോചിക്കണം. വാക്സീനുകള്‍ പരിശോധിക്കുന്നതിനുള്ള കേന്ദ്രീകൃത പരിശോധനാ കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ആദ്യഘട്ടത്തില്‍ വാക്സീന്‍ വിതരണ കേന്ദ്രവും രണ്ടാംഘട്ടത്തില്‍ വാക്സീനുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന യൂണിറ്റും മൂന്നാംഘട്ടത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ചേര്‍ന്ന് ഗവേഷണ വികസന പദ്ധതികളുമാണു സര്‍ക്കാര്‍ ആലോചിക്കുന്നത.്

 

Top