മന്ത്രിസ്ഥാനം ജനാധിപത്യ കേരള കോണ്‍ഗ്രസിനുള്ള അംഗീകാരം: ആന്റണി രാജു

തിരുവനന്തപുരം: ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ആന്റണി രാജു. ഒരു എംഎല്‍എ പോലും ഇല്ലാതിരുന്ന പാര്‍ട്ടിക്ക് എംഎല്‍എയെ കിട്ടിയതിന് പിന്നാലെ ഇപ്പോള്‍ മന്ത്രിസ്ഥാനവും തരുന്നതിന് ഇടത് പക്ഷത്തോട് ആന്റണി രാജു നന്ദി പറഞ്ഞു.

കേരളത്തിന് വേണ്ടി ആവുന്നത് പോലെ ഇടത് പക്ഷത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത മന്ത്രി എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഒരു ഇടത് പക്ഷ ചിന്താഗതിക്കാരനായ കേരള കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞ ആന്റണി രാജു. എന്നും ഇടത് പക്ഷത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുമ്പ് ഐക്യ ജനാധിപത്യ മുന്നണി സീറ്റ് വാഗ്ദാനം നല്‍കിയിട്ട് പോലും പോയില്ലെന്നും ഓര്‍മ്മിപ്പിച്ചു.

ഇടത് പക്ഷ മനസാണ്. മത്സരിച്ചത് ഇടത് പക്ഷ മുന്നണിക്കൊപ്പം മാത്രമാണ്, ഇനിയുള്ള രാഷ്ട്രീയ ജീവിതവും ഇടത് പക്ഷത്തിനൊപ്പമായിരിക്കുമെന്ന് ആന്റണി രാജു പറയുന്നു. തീരദേശത്തിന്റെ കൂടി പ്രതിനിധിയായ ആന്റണി രാജു തീര മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കേരളം മുഴുവന്‍ തീരപ്രദേശം കലുഷിതമാണ്. തീരദേശം കടലെടുത്തുകൊണ്ടിരിക്കുകയാണ്. പരിമിതികള്‍ ഒരുപാടുണ്ട്. എങ്ങനെ തരണം ചെയ്യാനാകുമെന്ന് പഠിക്കും. ശാസ്ത്രീയമായ പ്രതിവിധി തേടും ആന്റണി രാജു പറഞ്ഞു.

 

Top