നവകേരള നിര്‍മ്മാണത്തിന് 1500 കോടി; വീണ്ടും വായ്പ വാഗ്ദാനം നല്‍കി ജര്‍മ്മനി

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ച് കേരളത്തിന് വീണ്ടും വായ്പ വാഗ്ദാനം നല്‍കി ജര്‍മ്മനി. ജര്‍മ്മന്‍ വികസന ബാങ്ക് അധികൃതരാണ് വായ്പ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചത്. ആദ്യഘട്ടത്തില്‍ 1,370 കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള്‍ 1,500 കോടി കൂടി നല്‍കാന്‍ തയ്യാറായിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജര്‍മന്‍ വികസന ബാങ്ക് അധികൃതര്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഏകദേശം നാല് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. ഡവലപ്‌മെന്റ് പോളിസി വായ്പ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിക്കുന്നത്. ആദ്യ വായ്പയായി അനുവദിച്ച 1,370 കോടി രൂപയില്‍ ആദ്യ ഗഡുവായ 720 കോടി രൂപ സര്‍ക്കാരിന് ലഭിച്ചിരുന്നു.

1,500 കോടി മുതല്‍ 1,750 കോടി രൂപ വരെ ഈ വിഭാഗത്തില്‍ വായ്പയായി ലഭിക്കും. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് വായ്പയുടെ തുകയില്‍ അവസാന തീരുമാനം എടുക്കുക.

Top