ഹൂതി വിമതര്‍ക്ക് ഇറാന്റെ സഹായം; തെളിവുമായി യു.എ.ഇ. സായുധസേന

അബുദാബി: ഹൂതി വിമതര്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായങ്ങള്‍ തെളിവുസഹിതം നിരത്തി യു.എ.ഇ. സായുധസേന. യമെനില്‍ അറബ് സഖ്യസേനയുടെ ഭാഗമായിപ്രവര്‍ത്തിക്കുന്ന യു.എ.ഇ. സേന ഹൂതി ഭീകരരില്‍നിന്ന് കണ്ടെത്തിയ ആയുധങ്ങളും ഉപകരണങ്ങളും യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും സായുധ സേനയുമാണ് പുറത്തുവിട്ടത്. ഇറാനുമായി നേരിട്ടു ബന്ധപ്പെടുത്താവുന്ന തെളിവുകളുള്ള മാരക ആയുധങ്ങളും ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. ഇത് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളുടെ പരിശോധനകള്‍ക്കു ശേഷമാണ് സ്ഥിരീകരിച്ചത്.

സഖ്യസേനയുടെ യമെനിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതിനോടകം 30,000 കുഴിബോംബുകളാണ് കണ്ടെത്തി നിര്‍വീര്യമാക്കിയതെന്ന് സേന വക്താവ് വ്യക്തമാക്കിയത്. ഹൂതി ഭീകരര്‍ക്ക് ഇറാന്‍ നല്‍കുന്ന വഴിവിട്ട സേവനം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഏര്‍പ്പെടുത്തിയ ചട്ട ലംഘനമാണെന്ന് വ്യക്തമായതായും യു. എ. ഇ. സേന അറിയിച്ചു. പിടിച്ചെടുത്ത ആയുധങ്ങളും യുദ്ധസാമഗ്രികളും കൊണ്ടു പോകുന്നതിനും സൂക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് സായുധസേന പിന്തുടരുന്നത്.

കണ്ടെടുത്ത ആളില്ലാ ചെറു വിമാനങ്ങള്‍, ആന്റി ടാങ്ക് മിസൈലുകള്‍, റോക്കറ്റ്, ഡ്രോണുകള്‍, കുഴി ബോംബുകള്‍ തുടങ്ങിയവയെല്ലാം ഇറാനില്‍ നിന്നുതന്നെ വന്നതാണെന്ന് ഐക്യരാഷ്ട്രസഭയിലെയും യു.എസില്‍ നിന്നുമടക്കമുള്ള വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. യമെനിലെ ജന ജീവിതത്തിന് സുരക്ഷ ഉറപ്പിക്കുന്നതോടൊപ്പം കുഴിബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കുന്നതിനടക്കമുള്ള പരിശീലനം യമെന്‍ സേനയ്ക്ക് നല്‍കാനും യു.എ.ഇ.സായുധ സേന സജീവമാണ്. ജനങ്ങള്‍ക്ക് സഹായവുമായെത്തുന്ന കപ്പലുകള്‍ക്കടക്കം ഭീഷണിയുയര്‍ത്തുന്ന ഹൂതി ശ്രമങ്ങള്‍ക്കെതിരേ പോരാട്ടം തുടരുമെന്നും സേനാവക്താവ് വ്യക്തമാക്കി.

Top