വിമത പ്രതിസന്ധി; ഗെലോട്ട് സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി തീരുമാനം

ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ അശോക് ഗെലോട്ട് സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി തീരുമാനം. ആറ് എംഎല്‍എമാരും പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ലയിച്ച നടപടി ഉടന്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ബിഎസ്പിയും ബിജെപി എംഎല്‍എ മദന്‍ ദിലാവറും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുകയാണ്.

എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് കേസ് തുടര്‍ന്നും കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മുന്‍ നിശ്ചയപ്രകാരം 11നു തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും സിംഗിള്‍ ബഞ്ചിനു നിര്‍ദേശം നല്‍കി. ബിഎസ്പിയുടെ ആറ് എംഎല്‍എമാരും കഴിഞ്ഞ വര്‍ഷമാണു കോണ്‍ഗ്രസില്‍ ലയിച്ചത്.

ഇതിനെതിരെ ബിജെപി എംഎല്‍എ ദിലാവര്‍ സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമതപ്രശ്‌നം രൂക്ഷമായതോടെ അദ്ദേഹം അതു കോടതിയില്‍ എത്തിക്കുകയായിരുന്നു. ബിഎസ്പിയും ഇതോടൊപ്പം ചേര്‍ന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 11നകം സ്പീക്കറും എംഎല്‍എമാരും ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണു ദിലാവറും ബിഎസ്പിയും ഉടന്‍ സ്റ്റേ ആവശ്യപ്പെട്ടു ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 200 അംഗ സഭയില്‍ വിമതരെ മാറ്റി നിര്‍ത്തിയാല്‍ 102 പേരുടെ പിന്തുണ മാത്രമാണു ഗെലോട്ട് സര്‍ക്കാരിനുള്ളത്. അതില്‍ ആറുപേരെ മാറ്റി നിര്‍ത്തുന്ന അവസ്ഥ വന്നാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലാകും.

14നു നിയമസഭ ചേരാനിരിക്കെ 11നു സിംഗിള്‍ ബെഞ്ച് എടുക്കുന്ന തീരുമാനം ഏറെ നിര്‍ണായകവുമാകും. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എതിരാളികളെ കുത്തിനിറച്ചതോടെ പ്രതിഷേധവുമായി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഡല്‍ഹിയിലേക്ക്. കഴിഞ്ഞ ശനിയാഴ്ചയാണു വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ 30 തസ്തികകളിലേക്കു പുതിയ ആളുകളെ പ്രഖ്യാപിച്ചത്. ഇതില്‍ ഏറെയും കടുത്ത രാജെ വിരുദ്ധരാണെന്നതാണു മുന്‍മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്.

Top