കല്യാണ്‍ നിയമസഭ മണ്ഡലം ബി.ജെ.പിക്ക് വിട്ടു നല്‍കിയതില്‍ പ്രതിഷേധം; 26 കൗണ്‍സിലര്‍മാര്‍ ശിവസേന വിട്ടു

Shiv sena against BJP

ന്യൂഡല്‍ഹി:ബി.ജെ.പിക്ക് സീറ്റ് വിട്ടു നല്‍കുന്നതിനെ ചൊല്ലി ശിവസേനയില്‍ തര്‍ക്കം. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനത്തിന്റെ ഭാഗമായാണ് ശിവസേന ബിജെപിക്ക് സീറ്റുകള്‍ വിട്ട് നല്‍കിയത്.

ഇക്കാര്യത്തില്‍ പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി പ്രവര്‍ത്തകരോട് മാപ്പ് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. സീറ്റുകള്‍ വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് 26 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 300 പ്രവര്‍ത്തകരും ശിവസേന വിട്ടു.കല്യാണ്‍ നിയമസഭ മണ്ഡലം ബി.ജെ.പിക്ക് തന്നെ നല്‍കിയതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിച്ചത്.

രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയ ഗണപത് ഗെയ്ക്ക്വാദ് തന്നെയാണ് മൂന്നാം തവണയും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്.ഗണപത് മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നായിരുന്നു സേന പ്രവര്‍ത്തകരുടെ ആക്ഷേപം. അതിനാല്‍ പാര്‍ട്ടി സീറ്റ് ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.27 വര്‍ഷമായി ശിവസേന പ്രവര്‍ത്തകനായിരുന്ന ധനഞ്ജയ് ബോദ്രെ എന്ന എഞ്ചിനീയര്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി പത്രിക നല്‍കിയിട്ടുമുണ്ട്.

ദസറയുടെ ഭാഗമായി നടന്ന പാര്‍ട്ടി പൊതുയോഗത്തില്‍ ബി.ജെ.പിയുമായി മുന്നണി ഉണ്ടാക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഉദ്ധവ് താക്കറെ പാര്‍ട്ടി പ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു. ആകെയുള്ള 288 സീറ്റില്‍ 124 സീറ്റില്‍ മാത്രമാണ് ശിവസേന മത്സരിക്കുന്നത്. ബാക്കിയുള്ള 150 സീറ്റുകളിലും മത്സരിക്കുന്നത് ബി.ജെ.പിയാണ്.സീറ്റ് വിഭജനത്തിന്റെ സമയത്ത് 135 സീറ്റുകള്‍ക്കായി ശിവസേന ഏറെ സമ്മര്‍ദം ചെലുത്തിയെങ്കിലും ബി.ജെ.പി അംഗീകരിച്ചില്ല. ഇതാണ് ശിവസേന പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായത്.

Top