2018ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലയണല്‍ മെസ്സി നേടില്ല; കാരണങ്ങള്‍ ഇവയാണ്‌

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മാന്ത്രികന്മാരില്‍ ഒരാളാണ് ലയണല്‍ മെസ്സി. ഇതുവരെ അഞ്ച് തവണ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാരം മെസ്സിയെ തേടിയെത്തിയിട്ടുണ്ട്. മെസ്സിക്കൊപ്പം ശക്തനായ എതിരാളിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉണ്ട്. 2007ല്‍ കക്കക്ക് ശേഷം മെസ്സിയും റൊണാള്‍ഡോയും ബാലണ്‍ദ്യോര്‍ പുരസ്‌കാരം മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 10 വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണ ഇരുവരും പുരസ്‌കാരം നേടി.

2018ലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മെസ്സിക്ക് അത്ര അനുകൂലമല്ല. സീസണില്‍ മെസ്സി മികച്ച ഫോമില്‍ തന്നെയാണ്. ലാലിഗയില്‍ ഇതുവരെ 29 ഗോളും 12 അസിസ്റ്റും സ്വന്തം പേരിലുണ്ട്. ചാംപ്യന്‍സ് ലീഗിലാകട്ടെ 6 ഗോളും 2 അസിസ്റ്റും.

പക്ഷേ ഇത്തവണത്തെ ബാലണ്‍ ദ്യോര്‍ നേട്ടം മെസ്സിക്ക് അത്ര എളുപ്പമാകില്ല. മെസ്സിക്കും റൊണാള്‍ഡോക്കും പുറമെ മറ്റ് ചില താരങ്ങള്‍ കൂടി ബാലണ്‍ ദ്യോര്‍ പോരാട്ടത്തിനായി ഇത്തവണ രംഗത്തുണ്ടാകും. ലിവര്‍പൂള്‍ താരം മൊഹമ്മദ് സലാഹ് ആണ് അതിലൊന്നാമന്‍. സലായുടെ മികവിലാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയത്. ഇപ്പോള്‍ ലിവര്‍പൂള്‍ ചംപ്യന്‍സ് ലീഗ് സെമി കുതിപ്പ് നടത്തിയതും സലായുടെ കരുത്തില്‍ തന്നെ.

ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായിരുന്ന നെയ്മര്‍ ആണ് മറ്റൊരു എതിരാളി. പിഎസ്ജിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് നെയ്മര്‍ നടത്തുന്നത്. ഒപ്പം വരാനിരിക്കുന്ന ലോകകപ്പും താരത്തിന് അനുകൂലമായേക്കും. കഴിഞ്ഞ രണ്ട് തവണയും മെസ്സിക്കും റൊണാള്‍ഡോക്കും ഒപ്പം നെയ്മറും മത്സരരംഗത്തുണ്ടായിരുന്നു.

ബയേണ്‍ മ്യൂണിക് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ലിസ്റ്റിലുണ്ട്. ബുണ്ടസ് ലിഗ കിരീടം ഇതിനകം ബയേണ്‍ സ്വന്തമാക്കിക്കഴിഞ്ഞു, ഒപ്പം ചാംപ്യന്‍സ് ലീഗ് സെമി ബര്‍ത്തും.

ചാംപ്യന്‍സ് ലീഗിന് ബാലണ്‍ ദ്യോര്‍ പുരസ്‌കാര നിര്‍ണയത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷവും ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍ തന്നെയാണ് ബാലണ്‍ ദ്യോറും നേടിയത്. അങ്ങനെ നോക്കുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റോമയില്‍ നിന്നേറ്റ പ്രഹരം ബാഴ്‌സ താരമായ മെസ്സിക്ക് തിരിച്ചടിയാകും.

ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ ആറ് ഗോള്‍ നേടിയിട്ടുണ്ടെങ്കിലും ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ എട്ടാം സ്ഥാനം മാത്രമെയുള്ളൂ മെസ്സിക്ക്. റോബര്‍ട്ടോ ഫിര്‍മിനോ, എഡിന്‍സണ്‍ കവാനി, ഹാരി കെയ്ന്‍ എന്നിവരാണ് പട്ടികയില്‍ മുന്‍പന്‍മാര്‍.

ലോകകപ്പ് ജേതാക്കള്‍ ബാലണ്‍ ദ്യോര്‍ പുരസ്‌കാര നിര്‍ണയത്തില്‍ അവഗണിക്കപ്പെടുന്നു എന്നത് നാളുകളായി ഉയരുന്ന വിമര്‍ശനമാണ്. എന്നാല്‍ 2010ലും 2014ലും പുരസ്‌കാരങ്ങള്‍ നേടിയ മെസ്സിയും റൊണാള്‍ഡോയും ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയവരാണ്.

എന്നാല്‍ ഈ ഘടകങ്ങളൊന്നും 2017-18 സീസണില്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കൊന്നും വലിയ പ്രസക്തിയില്ല. ചാംപ്യന്‍സ് ലീഗില്‍ ആര്‍ക്കും ആധികാരിക മേല്‍ക്കോയ്മ ഇല്ലാത്തതിനാല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ്, ബാലണ്‍ ദ്യോറിനായി പരിഗണിച്ചേ മതിയാകൂ. നെയ്മര്‍, ടോണി ക്രൂസ്, സെര്‍ജിയോ റാമോസ് എന്നിവരെല്ലാം ലോകകപ്പില്‍ തുല്യസാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്.

ലോകകപ്പ് കണക്കിലെടുത്താലും മെസ്സി അപകടമേഖലയിലാണ്. അവസാനനിമിഷം തട്ടിമുട്ടിയാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യതയുറപ്പിച്ചത്. കഴിഞ്ഞ മാസം സ്‌പെയിനെതിരെ നടന്ന സൗഹൃദമത്സരത്തില്‍ 6-1നാണ് അര്‍ജന്റീന തോറ്റത്. ഇനിയൊരു ലോകകപ്പിന് മെസ്സിക്ക് സാധ്യതയില്ലാതിരിക്കെ റഷ്യയിലേത് താരത്തിന് എല്ലാ അര്‍ഥത്തിലും ഏറെ നിര്‍ണായകമാകും.

മറുവശത്ത് സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തക്കസമയത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞു. ലാലിഗയിലെ അവസാന 10 മത്സരങ്ങളില്‍ നിന്നായി 19 ഗോളും ചാംപ്യന്‍സ് ലീഗില്‍ 15 ഗോളും റോണോ സ്വന്തം പേരില്‍ കുറിച്ചു. പോര്‍ച്ചുഗലിന്റെ ലോകകപ്പ് പ്രവേശനത്തിലും താരം നിര്‍ണായകപങ്ക് വഹിച്ചു. പറഞ്ഞുവരുന്നത് ഇത്തവണത്തെ ബാലണ്‍ദ്യോറിന് മെസ്സിയേക്കാള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് റൊണാള്‍ഡോക്ക് തന്നെയാണ്.

എന്നാല്‍ പ്രതിഭാധാരാളിത്തമുള്ള സീസണില്‍ സലായെയും നെയ്മറെയുമൊക്കെ മറികടക്കാന്‍ കഴിയുമോ എന്നതാണ് മെസ്സിയും റൊണാള്‍ഡോയും നേരിടുന്ന ചോദ്യം. റൊണാള്‍ഡോയേക്കാള്‍ ആ വെല്ലുവിളി ബാധിക്കുക മെസ്സിയെയാകുമെന്നുറപ്പ്.

Top